അതിഥിതൊഴിലാളികളെ ചേര്‍ത്ത് പിടിച്ച് കേരളം; വേതനം നല്‍കണമെന്നും സഹായങ്ങളൊരുക്കുമെന്നും തൊഴില്‍വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനതലത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് സഹായ കേന്ദ്രങ്ങളൊരുക്കി തൊഴില്‍ വകുപ്പ്. തീരുമാനം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെയടിസ്ഥാനത്തില്‍ ബോധവത്കരണം, സുരക്ഷ എന്നിവയ്ക്കായി സംസ്ഥാനതലത്തില്‍ ലേബര്‍ കമ്മീഷണറേറ്റിലും 14 ജില്ലാ ആസ്ഥാനങ്ങളിലും അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്ററുകളും കണ്ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചു.
അസാമീസ്, ഒഡിയ, ബംഗാളി, ഹിന്ദി ഭാഷകളില്‍ കോള്‍സെന്റര്‍ സേവനങ്ങള്‍ ലഭ്യമാണ്.
തൊഴില്‍വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
*കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ സ്വീകരിക്കാന്‍ അതിഥി തൊഴിലാളികളെ സജ്ജരാക്കാന്‍ സംസ്ഥാനത്തുടനീളം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും.
*രോഗ സാഹചര്യങ്ങളില്‍ ആശുപത്രി, ആംബുലന്‍സ് സേവനങ്ങള്‍ക്കായി ദിശ കോള്‍ സെന്റര്‍, ഡിപിഎംഎസ്യു എന്നിവയുടെ സേവനം അതിഥി തൊഴിലാളികള്‍ക്ക് ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തും.
*കോള്‍ സെന്ററുകളിലേയ്ക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ പ്രശന്ങ്ങള്‍ അനുഭാവപൂര്‍വം കേട്ട് ഉടനടി പരിഹാരം കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിനുമുള്ള നിര്‍ദേശങ്ങളും നല്‍കി.
*കോവിഡ് പ്രതിരോധത്തിനും ബോധവത്ക്കരണത്തിനുമായി സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പോസ്റ്ററുകള്‍, വീഡിയോ-ഓഡിയോ വാട്സാപ്പ് സന്ദേശങ്ങള്‍ എന്നിവയായും ഒഡിയ, ബംഗാളി,അസമീസ് തുടങ്ങിയ ഭാഷകളില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നല്‍കിയിട്ടുണ്ട്.
*ജില്ലാ ഭരണകൂടങ്ങളുമായി ചേര്‍ന്ന് അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക സുരക്ഷാ പദ്ധതികള്‍ ഒരുക്കുന്നതിന് വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെയും തോട്ടംമേഖലകളിലെയും തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കുലറുകള്‍ വഴി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
*സംസ്ഥാനത്ത് നിലവിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ 101 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
*അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം ഉള്‍പ്പെടെ കണ്ടെത്തുന്നതിന് അതത് ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു.
*പ്രതിരോധമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റുകളും തദ്ദേശസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്‍ രൂപീകരിക്കും.
അതിഥി തൊഴിലാളികള്‍ ക്വാറന്റീനിലാകുന്ന കാലത്തെ വേതനം അവരുടെ തൊഴിലുടമകള്‍ നല്‍കണമെന്നും അത് ശക്തമായി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര അറിയിച്ചു. ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമുകളിലും സംസ്ഥാനതലത്തില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ ടോള്‍ ഫ്രീ നമ്പരുകളായ 155214, 180042555214 എന്നിവയിലും അതിഥി തൊഴിലാളികള്‍ക്ക് സഹായത്തിനായി ബന്ധപ്പെടാം.