അതിഥി തൊഴിലാളികളെ അകാരണമായി ആക്രമിച്ചു; കുറ്റ്യാടിയിൽ രണ്ടു പേർ അറസ്റ്റിൽ


കുറ്റ്യാടി: അന്തർസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഊരത്ത് സ്വദേശികളായ മാവുള്ള ചാലിൽ രഞ്ജിത്ത് (26), കുറ്റിയിൽ വിപിൻ (24) എന്നിവരെയാണ് കുറ്റ്യാടി എസ്.ഐ ബാബു അറസ്റ്റ് ചെയ്തത്.

ബീഹാർ സ്വദേശികളായ അർഷാദ് ആലം(21), റഹ്മത്തുല്ല (21), ഗോരക് മെഹട്ടു (45) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വളയന്നൂർ റോഡിലെ നമ്പാടൻ ബിൽഡിങ്ങിലെ താമസക്കാരനാണ് ഇവർ. സുഹൃത്തായ അർഷാദിനെ കാണാനായി നാദാപുരത്ത് നിന്നെത്തിയതായിരുന്നു റഹ്മത്തുല്ല.

ഇക്കഴിഞ്ഞ ഏഴിന് രാത്രി 10ന് കെട്ടിടത്തിന് മുന്നിലൂടെ തൊഴിലാളികൾ നടന്നുപോകുമ്പോഴാണ് ആകസ്മികമായ അക്രമ രംഗങ്ങൾ അരങ്ങേറിയത്. ഇരുവരെയും പൊതിരെ തല്ലുകയും ചവുട്ടുകയും ചെയ്തു. എന്തിനാണ് തങ്ങളെ തല്ലുന്നതെന്നറിയാതെ തൊഴിലാളികൾ ഓടി രക്ഷപെടാൻ ശ്രമിച്ചു.

ഗ്രാമ പഞ്ചായത്തംഗവും കെട്ടിട ഉടമയുമായ ഹാഷിം നമ്പാടന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതികൾ ബൈക്കിലാണ് സഞ്ചരിച്ചിരുന്നതെന്നും ഒരു നായയെ ചവുട്ടുന്നതായി കണ്ടുവെന്നും ഇദ്ദേഹം പറഞ്ഞു. സമീപത്തെ സി സി ടി വി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അതെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇന്നലെ വൈകിട്ടോടെയാണ് പ്രതികളെ പിടികൂടിയത്. സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു. ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളില്ലാം ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്‌.