അട്ടപ്പാടിയില്‍ കൃഷിയിടത്തില്‍ പശുക്കളെ മേയ്ക്കാന്‍ കൊണ്ടുവന്ന ആദിവാസി ദമ്പതികള്‍ക്കുനേരെ വെടിവെപ്പ്


പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്കുനേരെ വെടിയുതിര്‍ത്തു. കൃഷിയിടത്തില്‍ പശുക്കളെ മേയ്ക്കാന്‍ ഇറങ്ങിയതിനാണ് പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വരന്‍ ദമ്പതികള്‍ക്കുനേരെ വെടിയുതിര്‍ത്തത്.

ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്കുനേരെയാണ് എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചത്. ഇവര്‍ കൃത്യസമയത്ത് ഓടിമാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഈശ്വരന്‍ മൂന്നുതവണ വെടിയുതിര്‍ത്തെന്നാണ് ദമ്പതികള്‍ പൊലീസിനോടു പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഈശ്വരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഈശ്വരന്റെ പറമ്പിലേക്ക് ചെല്ലിയുടെ കന്നുകാലികള്‍ കടന്നു ചെല്ലുന്നത് സംബന്ധിച്ച് ഇരുവര്‍ക്കുമിടയില്‍ കുറച്ചുദിസവമായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെയും ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്നായിരുന്നു ഈശ്വരന്‍ വീട്ടിലേക്ക് പോയി വലിയ എയര്‍ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.