അടുത്തവർഷത്തേക്കുള്ള പാഠപുസ്തകമെത്തി, ഇപ്പോൾ അരിയും എത്തി; കുട്ടികളും, രക്ഷിതാക്കളും ഹാപ്പി


കൊയിലാണ്ടി: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾക്കൊപ്പം സെപ്തംബർ മാസം മുതൽ മാർച്ച് മാസം വരെയുളള കാലയളവിൽ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ വിഹിതവും നൽകുന്ന തിരക്കിലാണ് വിദ്യാലയങ്ങൾ. നേരത്തെ സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് മാർച്ച് മാസം തന്നെ ഇവയുടെ വിതരണം പൂർത്തിയാക്കേണ്ടതുണ്ട്.

പ്രീ പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരിയും, ഒന്നു മുതൽ അഞ്ചാം ക്ലാസ്സു വരെയുള്ള എൽ.പി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് 15 കിലോ, യുപി വിഭാഗത്തിന് 25 കിലോ എന്നിങ്ങനെയാണ് നൽകുന്നത്.
ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, പാചക തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെയാണ് അരി വിതരണം ചെയ്യുന്നത്.

വിദ്യാർത്ഥികൾക്കുള്ള പല വ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റും ഇതിനു ശേഷം തന്നെ വിതരണം ചെയ്യുന്നതായിരിക്കും.
നേരത്തെ ജൂൺ മുതൽ ആഗസ്ത് മാസം വരെയുളള അരിയും പല വ്യജ്ഞനകിറ്റും വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.