അഞ്ച് ദിവസം കൊണ്ട് താല്‍ക്കാലിക ആശുപത്രി; കൊയിലാണ്ടിക്കാരൻ ലിജു വീണ്ടും ശ്രദ്ധേയനാകുന്നു
കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടർന്ന് ഐസിയു ബെഡ്ഡുകള്‍ക്ക് കുറവ് അനുഭവപ്പെട്ടപ്പോള്‍ ‘മെയ്ക്ക് ഷിഫ്റ്റ്’ ഐസിയു എന്ന പുതിയ കാഴ്ചപ്പാട് കേരളത്തിലാദ്യമായി അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടിക്കാരന്‍ ലിജു വീണ്ടും ശ്രദ്ധേയനാകുന്നു. ഇത്തവണ താല്‍ക്കാലിക ആശുപത്രി തന്നെ പണി കഴിപ്പിച്ചാണ് അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധിക്കപ്പെടുന്നത്.
ആശുപത്രികളെല്ലാം നിറഞ്ഞ് കവിയുന്ന സാഹചര്യത്തില്‍ വെറും അഞ്ച് ദിവസം കൊണ്ട് 25 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്യുകയും, വെന്റിലേറ്റര്‍, ബൈ പാപ്പ്, ഓക്‌സിജന്‍ എന്നിവ അടങ്ങിയതുമായ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ താല്‍ക്കാലിക ഹോസ്പിറ്റലാണ് ഇദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയത്. ഫീല്‍ഡ് ഹോസ്പിറ്റല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതും കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ സംരംഭമാണ്.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശാനുസരണം ഹോസ്പിറ്റലിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് ഫീല്‍ഡ് ഹോസ്പിറ്റല്‍ തയ്യാറാക്കിയിരിക്കുന്നത്. ലിജുവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ സുധീറും ചേര്‍ന്നാണ് ഇത് പൂര്‍ത്തീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍, ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, നോര്‍ത്ത് കേരള സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍ മുതലായവര്‍ ഇവരെ അഭിനന്ദിച്ചു.
കൊയിലാണ്ടി പന്തലായനി മനത്താംകണ്ടി സദാനന്ദന്റെ മകനാണ് ലിജു. ജിംനയാണ് ഭാര്യ. ആരാധ്യ, അഥർവ് എന്നിവർ മക്കളാണ്. ലിജു ഇപ്പോൾ കുടുംബത്തോടൊപ്പം കോഴിക്കോടാണ് താമസം.