അംഗീകാരത്തിന്റെ നിറവിൽ: പേരാമ്പ്രയെ ലോകത്തോളമുയർത്തിയ നാടക കലാകാരൻ, കലയെ ജീവനോളം സ്നേഹിച്ച മുഹമ്മദ്‌ പേരാമ്പ്രയ്ക്ക് ടിയാർസി സ്മാരക പുരസ്‌കാരം


പേരാമ്പ്ര: നാടക അരങ്ങ് നാടകാചാര്യനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന തിരുത്തുമ്മല്‍ രാമചന്ദ്രന്‍ എന്ന ടിയാര്‍സിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ടിയാര്‍സി പുരസ്‌കാരം മുഹമ്മദ് പേരാമ്പ്രയ്ക്ക്. ആലംങ്കോട് ലീലാകൃഷ്ണന്‍, ശിവജി ഗുരുവായൂര്‍ ,പ്രഭാകരന്‍ നടുവട്ടം ,കെ സുധീര്‍ ബാബു, രജനി മുരളി എന്നിവരടങ്ങുന്ന ജൂറിയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശ്‌സ്തി പത്രവും, ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം .

നാടക കലാകാരന്‍മാരുടെ സംഘടനയായ അരങ്ങും അണിയറയും സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന അതിജീവന നാടകയാത്രയുടെ ജില്ലാതല സമാപന പരിപാടിയില്‍ വെച്ച് ടിയാര്‍സി അനുസ്മരണവും, പുരസ്‌കാര സമര്‍പ്പണവും നടക്കുമെന്ന് സംഘാടകരായ ദാസ് കുറ്റിപ്പാല, സി ബാലസുബ്രഹ്‌മണ്യന്‍ നാസര്‍ എടപ്പാള്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

പത്താം വയസ്സ് മുതല്‍ തന്നെ അഭിനയ രംഗത്ത് സജീവമായ മുഹമ്മദ് പേരാമ്പ്ര 1980 മുതലാണ് പ്രൊഫെഷണല്‍ നാടക രംഗത്തേക്ക് കടക്കുന്നത്. ഇക്കാലയളവില്‍ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളില്‍ മുഹമ്മദ് പേരാമ്പ്ര അഭിനയിച്ചു. അഭിനയത്തിലും സംവിധാനത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ നാടക പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1995 ഇല്‍ ഇബ്രാഹിം വേങ്ങര സംവിധാനം ചെയ്ത ‘ഉപഹാരം’എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പ്രത്യേക ജ്യുറി പുരസ്‌കാരം ,1998 ഇല്‍ തിരുവനന്തപുരം അക്ഷരകലയുടെ ‘നിറ നിറയോ കല ‘ എന്ന നാടകത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും 2000 ഇല്‍ ‘രാഷ്ട്ര പിതാവ് ‘ എന്ന നാടകത്തില്‍ ‘മഹാത്മാഗാന്ധിയുടെ ‘ വേഷം അവിസ്മരണീയമാക്കി മാറ്റിയതിലൂടെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.