ഹരിത ഓഫീസ്; ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് നൂറിൽ നൂറോടെ എ ഗ്രേഡ്


ചേമഞ്ചേരി: സർക്കാർ ഓഫീസുകൾ ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഏർപ്പെടുത്തിയ ഹരിത ഓഡിറ്റിംഗിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് 100 മാർക്കോടെ എ ഗ്രേഡ് നേടി. കോഴിക്കോട് ജില്ലയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് പുറമെ കുന്നുമ്മൽ ഗ്രാമപഞ്ചായത്താണ് 100 മാർക്ക് നേടിയത്.

ഹരിത കേരളം ജില്ലമിഷൻ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകളും ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. റിപ്പബ്ലിക് ദിനത്തിൻ സംസ്ഥാനത്ത് 10,000 സർക്കാർ ഓഫീസുകൾ ഹരിത ഓഫീസായി പ്രഖ്യാപിക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഹരിത ഓഫീസ് പ്രഖ്യാപനം നടത്തിയത്.

22 ഇനങ്ങള്‍ അടങ്ങിയ പരിശോധനയില്‍ ആകെയുള്ള 100 മാര്‍ക്കില്‍ 90-100 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും, 80-89 വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും, 70-79 വരെ നേടുന്നവര്‍ക്ക് സി ഗ്രേഡും നല്‍കും. 70 നു താഴെ മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കില്ല. പകരം 15 ദിവസത്തെ സമയപരിധി നല്‍കി പുനഃപരിശോധന നടത്തും.

ഹരിത ഓഫീസ് സാക്ഷ്യപത്രം പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജയരാജൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമ്മാർ, പഞ്ചായത്ത് മെമ്പർമ്മാർ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സോമൻ കൃഷി അസിസ്റ്റന്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.