സ്ഥാനാര്‍ഥിപ്പട്ടിക: കലാകാരന്മാരെയും പരിഗണിക്കുമെന്ന് മുല്ലപ്പള്ളി


വടകര: പൊതുസമ്മതരായ ആളുകളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും കലാകാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടാകുമെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന, മതേതരമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമ്മതരെ ഉയര്‍ത്തിക്കൊണ്ടുവരും. ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം ഇക്കൂട്ടത്തിലുണ്ടാകും. പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വടകരയില്‍ കോണ്‍ഗ്രസും ആര്‍.എം.പി.യും തമ്മില്‍ സഖ്യമുണ്ടാക്കുമോ എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നും ഇതുവരെ വിഷയം തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ് വടകരയെന്നും തങ്ങളുടെ അനൈക്യം കൊണ്ടാണ് അവിടെ ജയിക്കാന്‍ കഴിയാതിരുന്നത്. ഇത്തവണ ശക്തി തെളിയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക