സുധ കിഴക്കേപ്പാട്ട് കൊയിലാണ്ടി നഗരസഭ അധ്യക്ഷ


കൊയിലാണ്ടി: സുധ കിഴക്കെപ്പാട്ടിനെ കൊയിലാണ്ടി നഗരസഭയുടെ ചെയർപേഴ്സനായി തിരഞ്ഞെടുത്തതായി സൂചന. ഇന്ന് ചേർന്ന സിപിഎം കൊയിലാണ്ടി ഏരിയാ കമ്മറ്റി യോഗമാണ് തീരുമാനം എടുത്തത്. പതിനാലാം വാർഡിൽ നിന്നാണ് സുധ വിജയിച്ചത്. 2010 ലെ തിരഞ്ഞെടുപ്പിൽ ഇവർ നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഐഎം കൊയിലാണ്ടി സെന്ററൽ ലോക്കൽ കമ്മറ്റി അംഗവും, ഗേൾസ് ഹൈസ്കൂൾ ബ്രാഞ്ച് സെക്രട്ടറിയും, ജനാധിപത്യ മഹിള അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവുമാണ് സുധ കിഴക്കെപ്പാട്ട്. 2010 ൽ യുഡിഎഫിന് മേധാവിത്വമുള്ള സീറ്റിൽ നിന്ന് മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പന്തലായനി സ്വദേശിയായ സുധ കിഴക്കേപ്പാട്ട് ആദ്യമായി നഗരസഭയിലെത്തിയത്. ഇത്തവണ പന്തലായനി സെൻട്രലിലെ പതിന്നാലാം വാർഡിൽ നിന്ന് ജനവിധി തേടി വിജയം കൈവരിച്ചു.

സുധ കിഴക്കേപ്പാട്ടിന്റെ ഭർത്താവ് ജയരാജൻ സ്വകാര്യ ആയുർവ്വേദ കമ്പനിയിൽ ജോലിചെയ്യുകയാണ്. മൂത്തമകൻ ആദർശ് മംഗലാപുരത്ത് എഞ്ചിനിയറാണ്. മകൾ അനശ്വര പി.ജി. വിദ്യാർത്ഥി. ഈ മാസം 21 ന് സത്യ പ്രതിജ്ഞ നടക്കും. 28,30 തിയ്യതികളിൽ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.

വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ആര് എന്ന് 23 ന് ചേരുന്ന ഏരിയാ കമ്മറ്റി യോഗത്തിൽ തീരുമാനിക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ഭരണ സമിതിയിൽ ചെയർമാനായിരുന്ന അഡ്വ: കെ.സത്യനാണ് സാധ്യത. സിപിഎം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, ലോയേഴ്സ് യൂണിയൻ ജില്ല സെക്രട്ടറിയുമായ കെ.സത്യൻ പതിനഞ്ചാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ തവണ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അംഗമായ കെ.ഷിജു മാസ്റ്ററെയും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. സി പി ഐ എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗവുമായ ഷിജു മാസ്റ്റർ ഇരുപത്തിയേഴാം വാർഡിൽ നിന്നാണ് വിജയിച്ചത്.

പത്താം വാർഡിൽ നിന്നും വിജയിച്ച സി പി ഐ ജില്ല കൌൺസിൽ അംഗം ഇ.കെ.അജിത്ത് മാസ്റ്ററും, പത്തൊൻപതാം വാർഡിൽ നിന്നും വിജയിച്ച സി പി ഐ എം നടേരി ലോക്കൽ കമ്മറ്റി അംഗം ഇന്ദിര ടീച്ചറും സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാരാവാനും സാധ്യതയുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക