സില്‍വര്‍ ലൈന്‍: സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ച് റെയില്‍വേ; ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന് നിലപാട്


കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കുവേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാറിന് മുന്നോട്ടുപോകാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. കെ റെയിലിനുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് റെയില്‍വേ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

റെയില്‍വേ നിയമത്തിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി 955.13 ഹെക്ടര്‍ ഏറ്റെടുക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം. കോട്ടയം വെമ്പള്ളി സ്വദേശി ജയിംസ് അലക്‌സ്, ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി എം.വി ചാക്കോച്ചന്‍ തുടങ്ങിയവരാണ് ഹരജി ഫയല്‍ ചെയ്തത്.

സില്‍വര്‍ ലൈന്‍ പ്രത്യേക പദ്ധതിയാണെന്നും റെയില്‍വേ ആക്ട് പ്രകാരം വിജ്ഞാപനം ഇറക്കാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്നും ഹരജിക്കാര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ സില്‍വര്‍ ലൈന്‍ പ്രത്യേക പദ്ധതിയല്ലെന്നും പദ്ധതിയുടെ പ്രാരംഭ നടപടികള്‍ മാത്രമാണ് ആരംഭിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം റെയില്‍വേ അഭിഭാഷകനും അനുകൂലിച്ചു. സില്‍വര്‍ ലൈന്‍ പ്രത്യേക പദ്ധതിയായി നോട്ടിഫൈ ചെയ്തിട്ടില്ലെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നടപടികളുമായി മുന്നോട്ടുപോകാമെന്നും റെയില്‍വേ വ്യക്തമാക്കി.