സിപിഎം കൊയിലാണ്ടി ഏരിയ കമ്മറ്റിയിൽ മൂന്ന് പുതുമുഖങ്ങൾ


കൊയിലാണ്ടി: സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മറ്റി പുന:സംഘടിപ്പിച്ചു. നിലവിലെ ഏരിയ കമ്മറ്റിയിൽ നിന്ന് മൂന്ന് പേർ ഒഴിവായി. പകരം ആനക്കുളം ലോക്കൽ സെക്രട്ടറി കെ.ടി.സിജേഷ്, കാപ്പാട് ലോക്കൽ സെക്രട്ടറി എം.നൗഫൽ, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ് എന്നിവരെ ഏരിയ കമ്മറ്റിയിലേക്ക് പുതുതായി ഉൾപ്പെടുത്തി.

നിലവിലെ കമ്മറ്റിയിൽ നിന്ന് കന്മന ശ്രീധരൻ മാസ്റ്റർ, ടി.ഗോപാലൻ, കെ.കെ.നാരായണൻ എന്നിവരാണ് ഒഴിവായത്. പ്രായാധിക്യവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണ് ഒഴിവാക്കാൻ കാരണം എന്നാണ് അറിയുന്നത്.

16 ന് നടന്ന ഏരിയ കമ്മറ്റി യോഗത്തിലാണ് പുന:സംഘടന നടത്തിയത്. ഇത് പിന്നീട് ജില്ല കമ്മറ്റി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന കമ്മറ്റി അംഗം പി.എ.മുഹമ്മദ് റിയാസ്, ജില്ല സെക്രട്ടറിയേറ്റ് അംഗം പി.വിശ്വൻ മാസ്റ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചെറുപ്പക്കാർക്ക് കുടുതൽ പ്രാതിനിധ്യം നൽകുന്ന തീരുമാനമാണ് പാർട്ടി കൈക്കൊണ്ടത്. തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേർ 40 വയസ്സിൽ ചുവടെ പ്രായമുള്ളവരാണ്.

കെ.ടി.സിജേഷ് ബാലസംഘത്തിലൂടെടെയാണ് സംഘടനാ രംഗത്തെത്തിയത് ബാലസംഘം കൊയിലാണ്ടി ഏരിയ സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പദവികൾ വഹിച്ചിട്ടുണ്ട്. അഞ്ച് വർഷം കൊയിലാണ്ടി നഗരസഭ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട് പുളിയഞ്ചേരി സ്വദേശിയാണ്. എം.നൗഫൽ ബാലസംഘം കൊയിലാണ്ടി ഏരിയ സെക്രട്ടറി, ജില്ല പ്രസിഡണ്ട് പദവികൾ വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥി യുവജന സംഘടനകളുടെ ഏരിയ നേതൃനിരയിൽ പ്രവർത്തിച്ച് പാർട്ടി നേതൃത്വത്തിലേക്ക് കടന്നു വന്നയാളാണ്. ബേബി സുന്ദർരാജ് സർവീസ് സംഘടനാ രംഗത്ത് നിന്നാണ് പാർട്ടി നേതൃത്വത്തിലേക്ക് വരുന്നത്. എൻജിഒ യൂണിയൻ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി ചെങ്ങോട്ട്കാവ് ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.