സാന്ത്വനം സ്പര്‍ശം അദാലത്ത്; വടകരയില്‍ പരിഗണിച്ചത്‌ 3425 പരാതികള്‍


വടകര: ജനങ്ങളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം കാണുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വനം സ്പര്‍ശം അദാലത്തില്‍ ജില്ലയില്‍ രണ്ടാം ദിവസമെത്തിയത് 3425 പേര്‍. വടകര താലൂക്കില്‍നിന്നുള്ളവരാണ് വടകര മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെത്തിയത്. തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലും പരാതികള്‍ കേട്ടു.

വീട്, പട്ടയം, റേഷന്‍ കാര്‍ഡ്, ബാങ്ക് വായ്പ തിരിച്ചടവ്, ക്ഷേമപെന്‍ഷന്‍, ചികിത്സാസഹായം തുടങ്ങിയ ആവശ്യങ്ങളാണ് അപേക്ഷകളായെത്തിയത്. 1400 ഓളം അപേക്ഷകള്‍ റേഷന്‍ കാര്‍ഡ് ഇനത്തിലാണ് ലഭിച്ചത്.

ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയത് 459 പേരാണ്. 2928 പേര്‍ അദാലത്തുവേദിയിലെത്തി, താല്‍ക്കാലികമായൊരുക്കിയ അക്ഷയകേന്ദ്രം വഴിയും പരാതി രജിസ്റ്റര്‍ ചെയ്തു. മുഴുവന്‍ അപേക്ഷകളും അദാലത്തില്‍ പരിഗണിച്ചു. ടോക്കണ്‍ നല്‍കിയാണ് അപേക്ഷകരെ ഹാളിലേക്കു പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായത്തിനായുള്ള 38 പേരുടെ അപേക്ഷകളും പരിഗണിച്ചു. ഫെബ്രുവരി നാലിന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന ജില്ലയിലെ മൂന്നാമത് അദാലത്തില്‍ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ അപേക്ഷകളാണ് പരിഗണിക്കുക.

ഇ.കെ വിജയന്‍ എം.എല്‍. എ, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ്കുമാര്‍ ജ്യോതി, കളക്ടര്‍ സാംബശിവറാവു,ഡി.ഡി.സി. അനുപം മിശ്ര, അദാലത്ത് നോഡല്‍ ഓഫീസറായ അസി. കളക്ടര്‍ ശ്രീധന്യ സുരേഷ്, എഡിഎം എന്‍. പ്രേമചന്ദ്രന്‍, ഡപ്യൂട്ടി കളക്ടര്‍മാരായ ഇ. അനിതകുമാരി, എന്‍ റംല, വടകര തഹസില്‍ദാര്‍ കെ.കെ പ്രസില്‍, തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക