സമരവളന്റിയർമാർക്ക്‌ ഉജ്ജ്വല യാത്രയയപ്പ്;‌ കർഷകർ ഡൽഹിയിലേക്ക്‌


കൊയിലാണ്ടി: കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് ശക്തിപകരാന്‍ പോകുന്നവര്‍ക്ക് കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വലസ്വീകരണവും യാത്രയയപ്പും നല്‍കി. യാത്രയയപ്പ് യോഗം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി.വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റര്‍, ഏരിയ കമ്മിറ്റി അംഗം ഒ.ടി.വിജയന്‍ എന്നിവരാണ് കര്‍ഷക സമരത്തിൽ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് പോകുന്നത്. എം.എം.രവീന്ദ്രന്‍, ടി.വി.ഗിരിജ, എന്നിവര്‍ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.

കേരളത്തിൽ നിന്ന് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ 500 പേർ അടങ്ങിയ ആദ്യ സംഘം ജനുവരി 14 ന് ഡൽഹിയിൽ എത്തിയിരുന്നു. രണ്ടാമത് ബാച്ചാണ് ഇപ്പോൾ സമരത്തിൽ പങ്കെടുക്കാനായി യാത്ര തിരിക്കുന്നത്. 24 ന് ഈ സംഘം ഡൽഹിയിൽ സമരത്തിന്റെ ഭാഗമാകും. കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ഷിജു മാസ്റ്റർ, കെ.എം.കുട്ടി എന്നിവരാണ് സമരവളണ്ടിയർമാരെ നയിക്കുന്നത്.

പി. സി.സതീഷ് ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലന്‍ നായര്‍, പി.കെ.ഭരതന്‍, പി. വി. സോമശേഖരന്‍, കെ.അപ്പു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക