സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ഫെബ്രുവരി 9 മുതൽ തോണിക്കടവിലേക്ക് പോകാം


കൂരാച്ചുണ്ട്: കരിയാത്തുംപാറയ്ക്ക് സമീപത്തെ തോണിക്കടവിൽ നടപ്പാക്കിയ ടൂറിസം പദ്ധതി ഫെബ്രുവരി ഒമ്പതിന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലാണ് ഉദ്ഘാടനം നിർവഹിക്കുക. പെരുവണ്ണാമൂഴി റിസർവോയറിന്റെ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.

കക്കയത്തും കരിയാത്തുംപാറയിലും എത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയൊരുക്കുന്ന മറ്റൊരു കേന്ദ്രമായി തോണിക്കടവ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോട്ടിങ്‌ സെന്റർ, വാച്ച് ടവർ, കഫ്‌റ്റേരിയ, ആറ് റെയിൻ ഷെൽട്ടറുകൾ, ഓപ്പൺ എയർ ആംഫി തിയേറ്റർ, ശൗചാലയം, നടപ്പാതകൾ, ടിക്കറ്റ് കൗണ്ടർ, ചുറ്റുമതിൽ നിർമാണം. തിയേറ്റർ ഗ്രീൻ റൂം നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ.

ഉദ്ഘാടന പരിപാടി വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപവത്കരിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ. (ചെയർമാൻ), പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട (വൈസ് ചെയർമാൻ), കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യുട്ടിവ് എൻജിനീയർ എം.കെ. മനോജ് (ജനറൽ കൺവീനർ), പഞ്ചായത്തംഗം അരുൺ ജോസ് (ജോ. കൺ).