‘മാസ്റ്റർ’ എത്തും ദ്വാരകയിൽ; ആവേശത്തിൽ കൊയിലാണ്ടി
കൊയിലാണ്ടി: സംസ്ഥാനത്തെ മറ്റ് തിയേറ്ററുകള്‍ക്കൊപ്പം കൊയിലാണ്ടി ദ്വാരക തിയേറ്ററും നാളെ തുറക്കും. കര്‍ശനമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും പ്രദര്‍ശനം നടത്തുക. വിജയ് നായകനായ തമിഴ് ചിത്രം ‘മാസ്റ്റര്‍’ ആണ് നാളെ പ്രദര്‍ശനത്തിനെത്തുക. നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നാളെ ദ്വാരക തിയേറ്ററില്‍ വീണ്ടും സിനിമ പ്രദര്‍ശനം നടക്കുന്നത്. രാവിലെ 9.30 നാണ് ആദ്യ ഷോ. ദിവസവും മൂന്ന് ഷോയാണ് ഉണ്ടാവുക. നാളത്തെ ആദ്യ ഷോയുടെ മുഴുവന്‍ ടിക്കറ്റുകളും വിജയ് ഫാന്‍സ് ബുക്ക് ചെയ്തിരിക്കുകയാണ്.
തെര്‍മല്‍ സ്‌കാനിംഗ് കഴിഞ്ഞ ശേഷമാവും കാണികളെ തിയേറ്ററിന് അകത്തേക്ക് പ്രവേശിപ്പിക്കുക. ഒന്നിടവിട്ട സീറ്റുകളിലാവും ആളുകളെ ഇരുത്തുക. മാസ്‌ക്ക് ,സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാണ്. ഒരോ ഷോ കഴിയുമ്പോഴും തീയേറ്ററുകള്‍ ഡീ സാനിറ്റൈസ് ചെയ്യണം, രാത്രി 9 മണിക്ക് ശേഷം ഷോ പാടില്ല തുടങ്ങിയ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക.
സ്വകാര്യ തീയേറ്ററുകളിലേക്കും സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുന്നതോടെ നീണ്ട 10 മാസത്തിന് ശേഷം സിനിമാ മേഖല വീണ്ടും സജീവമാകും. മുഖ്യമന്ത്രി സിനിമ സംഘടനകള്‍ വെച്ച ഉപാധികള്‍ അംഗീകരിച്ചതിനാലാണ് തിയേറ്ററുകള്‍ തുറക്കാന്‍ വഴിയൊരുങ്ങിയത്.
തിയേറ്ററുകളുടെ വിനോദനികുതി ജനുവരി മുതല്‍ മാര്‍ച്ച് വരെ ഒഴിവാക്കാനും അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് 50 ശതമാനമാക്കി കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. തിയേറ്ററുകള്‍ ഒടുക്കേണ്ട വസ്തുനികുതി 2020 മാര്‍ച്ച് 31നുള്ളില്‍ മാസഗഡുക്കളായി അടയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെയാണ് തിയേറ്ററുകള്‍ തുറക്കുന്നതുമായി നില നിന്നിരുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമായത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക