വീട്ടുമുറ്റത്ത് തുണി അലക്കുന്നതിനിടെ വീട്ടമ്മ വീണത് 25 കോല്‍ ആഴമുളള കിണറ്റില്‍


കണ്ണൂര്‍: ഇരിക്കൂരില്‍ വീട്ടുമുറ്റത്ത് തുണി അലക്കുകയായിരുന്ന വീട്ടമ്മയാണ് പെട്ടെന്നു രൂപപ്പെട്ട ഗര്‍ത്തം വഴി അയല്‍വാസിയുടെ 25 കോല്‍ ആഴമുളള കിണറ്റില്‍ വീണത്. ആയിപ്പുഴ ഗവ: യുപി സ്‌കൂളിനു സമീപത്തെ കെ.എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയോടെ 12 നാണ് സംഭവം.

അലക്കുകയായിരുന്ന ഉമൈബയുടെ തൊട്ടുപിറകില്‍ രൂപപ്പെട്ട ഗര്‍ത്തിലേക്ക് അബദ്ധത്തില്‍ കാല്‍വഴുതിപ്പോവുകയായിരുന്നു. വീഴ്ച്ചയുടെ ശബ്ദവും കരച്ചിലും കേട്ട് ഓടിയെത്തിയ അയല്‍വാസിയായ സ്ത്രീയാണ് കിണറ്റില്‍ വീട്ടമ്മയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരും അഗ്നിശമനാസേനയും സ്ഥലത്തെത്തി വീട്ടമ്മയെ പുറത്തെടുത്തു. കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്.സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

നിലവില്‍ അലക്കുകല്ലിനു സമീപം മുതല്‍ കിണറ്റിലെ അടിഭാഗം വരെ തുരങ്കം രൂപപ്പെട്ടിട്ടുണ്ട്. കല്‍പടവുകളുളള കിണറിന്റെ വശങ്ങളും ഇടിഞ്ഞനിലയിലാണ്.