വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പയ്യോളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു


പയ്യോളി: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പയ്യോളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയോട്ടില്‍ ഫഹദിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 12 ന് മാതാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി പയ്യോളിയിലെ വീട്ടിലെത്തിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ മാസം 15 ന് പെണ്‍കുട്ടിയെ പയ്യോളിയിലെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. അഞ്ചുദിവസത്തോളം പ്രതി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

പയ്യോളിയിലെ മറ്റൊരു വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിെന്റ നേതൃത്വത്തില്‍ എസ്.ഐ മധുകുമാര്‍ മൂത്തേടത്ത്, സി.പി.ഒമാരായ റിനീഷ്, അജേഷ്, ബിജേഷ്, ഡ്രൈവര്‍ ഗണേശന്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക