വിവാദങ്ങളിലല്ല കാര്യം, പ്രവർത്തിയിലാണ്;
ഊരാളുങ്കൽ സൊസൈറ്റിക്ക് വീണ്ടും അംഗീകാരം


വടകര: ഊരാളുങ്കൽ സൊസൈറ്റി വീണ്ടും അംഗീകാരത്തിന്റെ നിറവിൽ. സഹകരണ പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇൻറർനാഷണൽ കോ-ഓപ്പറേറ്റിവ്സ് അലയൻസിന്റ വേൾഡ് കോ-ഓപ്പറേറ്റിവ് മോനിറ്റർ 2020 റിപ്പോർട്ടിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) രണ്ടാം സ്ഥാനം നേടി. ഇൻഡസ്ട്രി ആൻഡ് യൂട്ടിലിറ്റീസ് വിഭാഗം കോ-ഓപ്പറേറ്റീവുകളുടെ പട്ടികയിലാണ് നേട്ടം.

സ്പെയിനിലെ കോ-ഓപ്പറേറ്റിവായ കോർപ്പറേഷൻ മൊൺഡ്രാഗൺ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 2018 ലെ കണക്കുകൾ പ്രകാരമാണ് റേറ്റിംഗ്. സാധാരണ ഗതിയിൽ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്സ് അലയൻസിന്റെ അംഗത്വം കോ-ഓപ്പറേറ്റിവുകളുടെ രാജ്യ തല അപ്പക്സ് ബോഡികൾക്കാണ് നൽകാറ്.

യു.എൽ.സി.സി.എസ് ന്റെ തൊണ്ണൂറ്റഞ്ച് വർഷത്തെ പ്രവർത്തന മികവ് പരിഗണിച്ചാണ് 2019 ൽ ഇൻറർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിൽ അംഗത്വം നൽകിയത്. ഇത്തരത്തിൽ അംഗത്വം ലഭിക്കുന്ന ആദ്യ പ്രാഥമിക സഹകരണ സംഘം കൂടിയാണ് ഊരാളുങ്കൽ.