വിജയപ്രതീക്ഷയോടെ കേരളം ഇന്ന് ആന്ധ്രയോട്


മുംബൈ: സയ്യ്ദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ കേരളം ഇന്ന് ആന്ധ്രയെ നേരിടും. ശരദ് പവാർ ക്രിക്കറ്റ് അക്കാദമിയിൽ പകൽ 12 മണിക്കാണ് മത്സരം. ആദ്യ മൂന്ന് മത്സരങ്ങളിൽ ആധികാരിക വിജയം നേടിയ കേരളം ഇതിനോടകം ടൂർണമെന്റിലെ കറുത്ത കുതിരകളായി മാറിയിട്ടുണ്ട്.

കരുത്തരായ മുംബൈ, ഡൽഹി, പുതുച്ചേരി ടീമുകളെയാണ് കഴിഞ്ഞ മത്സരങ്ങളിൽ കേരളം പരാജയപ്പെടുത്തിയത്. 19 ന് ഹരിയാനയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ആദ്യ മൂന്നു കളികൾ ജയിച്ച കേരളത്തിനും ഹരിയാനയ്ക്കും 12 പോയിന്റാണ് ഉള്ളത്. റൺനിരക്കിൽ കേരളമാണ് ഒന്നാമത്.

ആറു ഗ്രൂപ്പിലെ ജേതാക്കൾക്കും മികച്ച രണ്ടാം സ്ഥാനക്കാർക്കും ക്വാർട്ടർ ഫൈനലിൽ എത്താം. പുതുച്ചേരിയെ അനായാസം തോൽപ്പിച്ച കേരളം മുംബൈ യെയും, ഡൽഹി യെയും അട്ടിമറിക്കുകയായിരുന്നു. സഞ്ജു സാംസൺ നയിക്കുന്ന ടീം മികച്ച ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്.