ജനവിധി സർക്കാരിന്റെ വികസന നേട്ടങ്ങൾക്കുള്ള അംഗീകാരം – കെ.ദാസൻ MLA


കൊയിലാണ്ടി: വികസനത്തിന്റ സ്പര്‍ശനമേല്‍ക്കാത്ത ഒരു ദിക്കുപോലും ഇന്ന് കൊയിലാണ്ടിയില്ലെന്ന് കെ.ദാസന്‍ എം.എല്‍.എ പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ഇടത് പക്ഷത്തിന്റെ ഉജ്ജ്വലമായ മുന്നേറ്റ ചിത്രമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍.ഡി.എഫ് നടത്തിയ കുതിപ്പിന്റെ പിന്‍ബലത്തോടെ മണ്ഡലം ഇനിയും മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സര്‍വ്വ ദൃശ്യ പത്രമാധ്യമങ്ങളും വസ്തുതകളുടെ പിന്‍ബലമില്ലാതെ പക്ഷാപാതപരമായി കഴിഞ്ഞ രണ്ടരമാസത്തിലധികമായി നടത്തിയ നിരര്‍ത്ഥകമായ ആക്ഷേപങ്ങളെ, അപ്പാടെ തളളികളഞ്ഞു കൊണ്ട് കേരള ജനതക്കൊപ്പം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ കൊയിലാണ്ടിയിലും വിധിയെഴുതിയെന്നാണ് തെരെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എം.എല്‍.എ അവകാശപ്പെട്ടു.

വര്‍ഷങ്ങളായി യു.ഡി.എഫ് കുത്തകയായി വെച്ചിരുന്ന രണ്ടുപഞ്ചായത്തുകളാണ് എല്‍.ഡി.എഫ് ഉജ്ജ്വല മുന്നേറ്റം നടത്തി പിടിച്ചെടുത്തിരിക്കുന്നത്. കൊയിലാണ്ടി നഗരസഭക്കൊപ്പം മറ്റു രണ്ടു പഞ്ചായത്തുകളിലും കൂടി ഭരണം നിലനിര്‍ത്തുകയും ചെയ്തു. പയ്യോളി നഗരസഭയില്‍ മാത്രമാണ് യുഡിഎഫിന് മുന്‍തൂക്കം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞത്.

പിണറായി വിജയന്‍ നയിക്കുന്ന ഇടുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുളള ക്ഷേമ പദ്ധതികളും കൊയിലാണ്ടി കൈവരിച്ച വികസന മുന്നേറ്റവും ജനങ്ങള്‍ അനുഭവങ്ങളിലൂടെയാണ് വിലയിരുത്തുന്നത്. തനത് വികസന മുന്നേറ്റ രംഗത്ത് തിക്കോടി, ചെങ്ങോട്ടുക്കാവ് പഞ്ചായത്തുകളിലെ കെടുകാര്യസ്ഥതയ്ക്ക് ജനം ബാലറ്റിലൂടെ മറുപടി നല്‍കി. ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസന മുന്നേറ്റത്തെ ജനം നെഞ്ചേറ്റികഴിഞ്ഞു. വരുന്ന 5 വര്‍ഷത്തേക്കായി നാടിനെ നയിക്കാന്‍ തെരെഞ്ഞെടുത്ത് അയച്ച എല്ലാ അംഗങ്ങള്‍ക്കും അഭിവാദ്യങ്ങള്‍ നേരുന്നതായും ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷയ്ക്കനുസരിച്ച് അവര്‍ക്ക് മുന്നേറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും കെ.ദാസന്‍ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക