വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു


കോഴിക്കോട്: വാണിജ്യ ആവശ്യത്തിനായുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് വില കുറച്ചിട്ടില്ല.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലിമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ട് മുമ്പായാണ് എണ്ണക്കമ്പനികള്‍ വില കുറച്ചത്. നിലവില്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം എല്‍.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില 1907 രൂപയാണ് വില.

അഞ്ച് കിലോ, 10 കിലോ കോമ്പോസിറ്റ്, അഞ്ച് കിലോ കോമ്പോസിറ്റ് ഭാരമുള്ള മറ്റ് ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ മാസവും പാചകവാതക നിരക്ക് പരിഷ്‌കരിക്കാറുണ്ട്.

2021 ഡിസംബര്‍ ഒന്നിന് 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറിന്റെ വില 100 രൂപ കൂട്ടി രാജ്യതലസ്ഥാനത്ത് 2,101 രൂപയാക്കിയിരുന്നു. വാണിജ്യ സിലിണ്ടറിന് 2012-13ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. 2,200 രൂപയായിരുന്നു അന്നത്തെ നിരക്ക്.

2022 ജനുവരി ഒന്നിന് എണ്ണക്കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 102.50 രൂപ കുറച്ചിരുന്നു.