വള്ളിക്കടവിലെ ചീർപ്പുകൾ തകരാറിൽ; കുടിവെള്ള ലഭ്യതയും കൃഷിയും ബുദ്ധിമുട്ടിലാകും


കൊയിലാണ്ടി: കോരപ്പുഴയില്‍ നിന്ന് വെങ്ങളം കൈപ്പുഴ പ്രദേശത്തേക്കും വി.കെ.റോഡിന്റെ സമീപ മേഖലകളിലേക്കും ഉപ്പുവെളളം കയറാതിരിക്കാന്‍ വളളിക്കടവില്‍ സ്ഥാപിച്ച രണ്ട് ചീര്‍പ്പുകളും തകരാറില്‍. വളളിക്കടവില്‍ ഇടവിട്ടുളള രണ്ട് ചീര്‍പ്പുകളുടെയും മരപ്പലക കൊണ്ടുളള ഷട്ടര്‍ നശിച്ചതോടെ ഉപ്പുവെളളം കൈപ്പുഴ പ്രദേശത്തേക്ക് കയറുകയാണ്. ഇത് സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ശുദ്ധജല ലഭ്യതയെ പോലും ബാധിച്ചു തുടങ്ങിയതായി പരിസരവാസികള്‍ പറഞ്ഞു.

രണ്ട് കുടിവെളള പദ്ധതികള്‍ ഈ മേഖലയിലുണ്ട്. കുടിവെളള പദ്ധതിയുടെ കിണറുകളില്‍ ഉപ്പുവെളളം ഊര്‍ന്നിറങ്ങിയാല്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയാസമാകും. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ വേലിയറ്റത്തെ തുടര്‍ന്ന് കോരപ്പുഴയില്‍ നിന്ന് വലിയ തോതില്‍ ഉപ്പുവെളളം കൈപ്പുഴയിലേക്ക് കയറും. ചീര്‍പ്പ് തകരാറിലായതോടെ ഉപ്പുവെളളം കയറുന്നത് തടയാന്‍ ഒരു മാര്‍ഗ്ഗവും ഇവിടെയില്ല.

കഴിഞ്ഞ തവണത്തെ പഞ്ചായത്ത് ഭരണ സമിതി 12,000 രൂപ ചെലവില്‍ ചീര്‍പ്പിന്റെ പലക മാറ്റിയിട്ടിരുന്നു. എന്നാല്‍ പലക നശിച്ചതോടെ ഉപ്പുവെളളം സമീപ പ്രദേശത്തേക്ക് കയറുകയാണ്. നശിച്ച പലക അടിയന്തിരമായി മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. ഇതിന്റെ കൂടെ ചീര്‍പ്പ് പുനര്‍ നിര്‍മ്മിക്കാനും നടപടി വേണമെന്ന് പരിസരവാസികള്‍ പറയുന്നു.

ഇപ്പോള്‍ ചീര്‍പ്പിന് രണ്ട് മീറ്ററോളം വിടവുണ്ട്. അത് ഒരു മീറ്ററായി ചുരുക്കിയാല്‍ പലക കൊണ്ടുളള ഷട്ടര്‍ കൂടുതല്‍കാലം നിലനില്‍ക്കും. വളളില്‍ക്കടവ് ഭാഗത്ത് പുഴത്തീരവും ഇടിഞ്ഞ് കിടപ്പാണ്. ഇതു കാരണം പുഴയില്‍ വെളളം കൂടുമ്പോള്‍ കൈപ്പുഴ ഭാഗത്തേക്ക് വെളളം മറിയും.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്,ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ചീര്‍പ്പിന്റെ അവസ്ഥ നേരില്‍ കാണാന്‍ ഇവിടെയെത്തിയിരുന്നു. അടുത്ത പദ്ധതിയില്‍ ചീര്‍പ്പ് പുനര്‍ നിര്‍മ്മിക്കാനുളള ഫണ്ട് വകയിരുത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് പറഞ്ഞു.