വടകര നഗരത്തിൽ ടൂറിസ്റ്റ് ഹോമിലും വീടുകളിലും മോഷണം


വടകര: നഗരത്തിലെ ടൂറിസ്റ്റ് ഹോമിലും ചോറോട്ടെ വീട്ടിലും മോഷണം നടത്തിയവർ ഉണ്ടാക്കിയത് വൻ നാശനഷ്ടം. ഹോട്ടൽ ശ്രീകൃഷ്ണ ഇന്റർനാഷനലിലും ചോറോട് അകവളപ്പിൽ അബ്ദുൽ അസീസിന്റെ വീട്ടിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ശ്രീകൃഷ്ണയിൽ മാത്രം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അട‍ഞ്ഞു കിടക്കുകയായിരുന്ന ഹോട്ടലിന്റെ പിൻഭാഗത്തു കൂടെ കയറിയ മോഷ്ടാക്കൾ ദിവസങ്ങൾ കൊണ്ടാണ് പലതും കടത്തിയത്.

എസി യുടെ ചെമ്പു കമ്പിയും പാത്രങ്ങളും ബാത്ത് റൂം ഫിറ്റിങ്സും വരെ കടത്തി. ഫിറ്റിങ്സ് എടുക്കാൻ വാഷ് ബേസിനുകളും ശുചിമുറിയും ടൈൽസും മറ്റും കുത്തിപ്പൊളിച്ചു. ബാർ, സ്റ്റോർ റൂം, മുറികൾ എന്നിവയുടെ പൂട്ടുകളും വാതിലും തകർത്തു.

ഇന്നലെ സ്ഥാപനത്തിലെത്തിയ ഉടമയാണ് സാധനങ്ങൾ മോഷണം പോയത് കണ്ടത്. തുടർന്ന് നാട്ടുകാരും കൂടിച്ചേർന്ന് തമിഴ്നാട്ടുകാരായ 2 മോഷ്ടാക്കളെ പിടികൂടി. ബാക്കിയുള്ളവർ രക്ഷപെട്ടു. തഞ്ചാവൂർ സ്വദേശികളായ തിരുപ്പതി (38), മുരുകൻ (25) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.നഗരത്തിലും പരിസരത്തും മോഷണം പെരുകുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം ചോറോട്, കുറുമ്പയിൽ, കാവിൽ ഭാഗത്തെ വീടുകളിൽ മോഷണ ശ്രമം നടന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക