വടകരയില്‍ ഇടതുമുന്നണി വിജയം ആവര്‍ത്തിച്ചു; ഇത്തവണ 27 സീറ്റ് നേടി


വടകര: വടകര നഗരസഭയില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തി. ആകെയുള്ള 47 വാര്‍ഡുകളില്‍ ഇരുപത്തിയേഴിടത്ത് വിജയിച്ചാണ് ഭരണം നിലനിര്‍ത്തിയത്. യുഡിഎഫ് പതിനാറ് വാര്‍ഡുകളിലും ബിജെപി മൂന്നു വാര്‍ഡുകളിലും ഒരു വാര്‍ഡില്‍ എസ്ഡിപിഐയും ജയിച്ചു.

കഴിഞ്ഞ കൗണ്‍സില്‍ കാലാവധിയില്‍ എല്‍ഡിഎഫിന് 28, യുഡിഎഫിന് 17 എന്നിങ്ങനെ വാര്‍ഡുകള്‍ ഉണ്ടായിരുന്നു. ഇരു സഖ്യത്തിനും ഓരോ സീറ്റ് ഇത്തവണ നഷ്ടപ്പെട്ടു. ഇടതുമുന്നണിയുടെ വാര്‍ഡ് എന്‍ഡിഎ പിടിച്ചെടുത്തു. നേരത്തേ രണ്ട് സീറ്റുണ്ടായിരുന്ന എന്‍ഡിഎയ്ക്ക് ഇത്തവണ മൂന്ന് സീറ്റായി. മേപ്പയില്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് ഇടതുമുന്നണി പിടിച്ചെടുത്തു.

ലീഗിന്റെ കയ്യിലുണ്ടായിരുന്ന 45-ാം വാര്‍ഡായ പാണ്ടികശാല എസ്ഡിപിഐ പിടിച്ചെടുത്തു. എസ്ഡിപിഐയിലെ അബ്ദുള്‍ ഹക്കീം 53 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ വി ഫൈസലിനെ പരാജയപ്പെടുത്തിയത്.