റോഡ് മുറിച്ചുകടക്കവെ ബസ് ഇടിച്ചു; കൊയിലാണ്ടിയില്‍ യുവാവിന് ഗുരുതര പരിക്ക്


കൊയിലാണ്ടി: റോഡ് മുറിച്ചുകടക്കവെ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്. ദേശീയപാതയില്‍ കൊയിലാണ്ടി നന്തിലത്ത് ജി മാര്‍ട്ടിന് മുന്നിലാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടൈഗര്‍ ബസാണ് ഇടിച്ചത്. ഇയാളെ ഇടിച്ചിട്ടശേഷം ദേഹത്തുകൂടെ ബസ് കയറിയിറങ്ങിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ദേശീയപാതയ്ക്ക് അരികില്‍ ബൈക്ക് നിര്‍ത്തിയശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇയാള്‍. പരിക്കേറ്റ യുവാവിനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.