യാത്രക്കാര്‍ക്ക് ആശ്വാസം; വടകരയില്‍ ‘ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രം ഒരുങ്ങുന്നു


വടകര: ദേശീയപാതവഴി യാത്രചെയ്യുന്നവര്‍ക്കും മറ്റുള്ള യാത്രക്കാര്‍ക്കും യാത്രക്കിടയില്‍ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും വടകര നഗരത്തില്‍ സംവിധാനമൊരുങ്ങുന്നു. ‘ടേക്ക് എ ബ്രേക്ക് ഷെല്‍ട്ടര്‍’ എന്നപേരില്‍ ശുചിത്വമിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. പുതിയസ്റ്റാന്‍ഡിനുസമീപം ദേശീയപാതയ്ക്കരികിലായി മികച്ച സൗകര്യങ്ങളോടെയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും.

ദേശീയപാതയില്‍നിന്ന് നഗരസഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കയറുന്ന വഴിയരികിലാണ് കേന്ദ്രം. നഗരസഭയുടെ സ്ഥലമാണിത്. ദേശീയപാതയോരങ്ങളില്‍ വൃത്തിയുള്ളതും നല്ല സൗകര്യങ്ങളുള്ളതുമായ ശൗചാലയങ്ങള്‍ ഉള്‍പ്പെടെ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണിത്. 15 ലക്ഷം രൂപ പൊതുമരാമത്ത് പ്രവൃത്തിക്കും 1.5 ലക്ഷം രൂപ വൈദ്യുതീകരണത്തിനും അനുവദിച്ചിട്ടുണ്ട്. വടകര നഗരസഭ എന്‍ജിനിയറിങ് വിഭാഗമാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പനയും നിര്‍വഹണവും നടത്തുന്നത്.

സൗകര്യങ്ങള്‍ ഇങ്ങനെ

വെറും ശൗചാലയം മാത്രമായല്ല ടേക്ക് എ ബ്രേക്ക് ഷെല്‍ട്ടറുകള്‍ ഒരുങ്ങുന്നത്. യാത്രയ്ക്കിടയില്‍ വിശ്രമിക്കാനുള്ള കേന്ദ്രം കൂടിയാണ്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍, മുലയൂട്ടല്‍ കേന്ദ്രം, വിശ്രമകേന്ദ്രം, ലഘുഭക്ഷണത്തിനുള്ള സൗകര്യം എന്നിവയെല്ലാം ഇവിടെയുണ്ടാകും. ഇവ വൃത്തിയായി പരിപാലിക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. നിലവില്‍ ദേശീയപാതവഴി യാത്രചെയ്യുന്ന ഒരു കുടുംബത്തിന് ശൗചാലയം ഉപയോഗിക്കണമെങ്കില്‍ ഒന്നുകില്‍ ഹോട്ടലുകളില്‍ കയറണം. അല്ലെങ്കില്‍ പെട്രോള്‍പമ്പുകളെ ആശ്രയിക്കണം. അതുമല്ലെങ്കില്‍ ബസ് സ്റ്റാന്‍ഡുകള്‍ നോക്കി പോകണം. ഇതുസംബന്ധിച്ച് പരാതികള്‍ വ്യാപാകമാണ്. ഇത് പരിഹരിക്കാന്‍ എല്ലാജില്ലകളിലും ഇത്തരത്തില്‍ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക