‘യാത്രക്കാരുടെ’ ശ്രദ്ധയ്ക്ക് കരിയാത്തും പാറയിലേക്ക് പ്രവേശനമില്ല


കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ പ്രധാന വിനേദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കക്കയം കരിയാത്തും പാറയിലെ പുഴയുടെ ഭാഗത്തെ അപകട മേഖലയില്‍ ടൂറിസം നില നിര്‍ത്തി കൊണ്ടുതന്നെ സന്ദര്‍ശകരുടെ പ്രവേശനം താത്ക്കാലികമായി നിരോധിക്കാന്‍ തീരുമാനം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിന്റെതാണ് തീരുമാനം. ജലസേചന വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മേഖലയില്‍ അടുത്ത കാലത്ത് സഞ്ചാരികളില്‍ നിരവധിപേരുടെ ജീവന്‍ നഷ്ടമായ സാഹചര്യത്തിലാണ് തീരുമാനം.

ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഈ മേഖലയില്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും അപകടം പതിയിരിക്കുന്ന പുഴയുടെ ആഴമുള്ള ഭാഗത്ത് കല്ലുകളിട്ട് നികത്താനുമാണ് തീരുമാനം.കൂടാതെ കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമംഗങ്ങളെ ഇവിടെ ഗൈഡുകളായി നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.

പാറക്കടവില്‍ വെള്ളം കുറവായതിനാല്‍ നീന്തിക്കുളിക്കാന്‍ കുടുംബസമേതമാണ് സഞ്ചാരികള്‍ എത്തുന്നത്. കരിയാത്തന്‍ പാറയില്‍ റിസര്‍വോയറിന് നടുക്കുള്ള പാറക്കടവ് മണല്‍ക്കയം ഭാഗത്താണ് വിനോദസഞ്ചാരികള്‍ ഏറെയും കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഒന്നരയാള്‍ വെള്ളം മാത്രമുള്ള ഇവിടെ അപകടമരണം തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം കുടുംബസമേതം കരിയത്തും പാറയിലെത്തിയ കൊടുവള്ളി സ്വദേശിയായ മുഹമ്മദ് അബുള്ള ബാവ പാറക്കടവ് ഭാഗത്തെ വെള്ളത്തില്‍ മുങ്ങി മരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പാറക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് മുന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2018-19 വര്‍ഷത്തില്‍ ഇവിടെ ഒമ്പതോളം പേരാണ് മുങ്ങിമരിച്ചത്. കൂരാച്ചുണ്ട് പഞ്ചായത്ത് പാറക്കടവ് ഭാഗത്ത് കമ്പിവേലിയും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വരുന്ന സന്ദര്‍ശകര്‍ക്ക് ഒരു നിയന്ത്രണവുമുണ്ടാകാറില്ല.

ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് പോളി കാരക്കട യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്ഥിരം സമിതിയംഗങ്ങളായ ഒ.കെ.അമ്മദ്, സിമിലി ബിജു, ഡാര്‍ളി അബ്രാഹം, എസ്‌ഐ പി.ഡി. റോയിച്ചന്‍, ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മനോജ്,പഞ്ചായത്തംഗങ്ങളായ ജെസി കരിമ്പനയ്ക്കല്‍, സണ്ണി പുതിയകുന്നേല്‍, വിന്‍സി തോമസ്, അരുണ്‍ ജോസ്, വിത്സണ്‍ പാത്തിച്ചാലില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോണ്‍സണ്‍ താന്നിക്കല്‍, വി.ജെ. സണ്ണി, വി.എസ്. ഹമീദ്, പേരാമ്പ്ര ഫയര്‍ഫോഴ്‌സ് -റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക