മേപ്പയ്യൂരില്‍ കൂടുതല്‍ തിളക്കത്തോടെ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ കൂടുതല്‍ തിളക്കമാര്‍ന്ന വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. 17 അംഗ ഭരണ സമിതിയില്‍ 13 സീറ്റുമായാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് അധികാരത്തിലേറിയത്. ഇത്തവണ യുഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റ് കൂടി പിടിച്ചെടുത്ത് അംഗസംഖ്യ 14 ആയി വര്‍ദ്ധിപ്പിച്ചു. മൂന്ന് വാര്‍ഡുകളില്‍ മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളു.

യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന പതിനേഴാം വാര്‍ഡാണ് ഇടതു സ്ഥാനാര്‍ത്ഥി എല്‍ജെഡിയിലെ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ പിടിച്ചെടുത്തത്. പഞ്ചായത്തില്‍ ഒരു മുന്നേറ്റവും നടത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചില്ല. എല്‍ജെഡിയുടെ മുന്നണിയിലേക്കുള്ള വരവ് എല്‍ഡിഎഫിന് ഗുണമായിട്ടുണ്ട്.

പതിനേഴാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചടക്കുമെന്ന് വോട്ടെടുപ്പിന് ശേഷം പുറത്ത് വിട്ട കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോളില്‍ ഞങ്ങള്‍ പ്രവചിച്ചിരുന്നു. 12 മുതല്‍ 15 വരെ സീറ്റ് എല്‍ഡിഎഫിന് ലഭിക്കുമെന്നുമായിരുന്നു പ്രവചനം. എക്‌സിറ്റ് പോള്‍ ഫലം ശരിവെക്കുന്നതാണ് മേപ്പയ്യൂരിലെ തിരഞ്ഞെടുപ്പ് ഫലം.