മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്തക്ഷാമം രൂക്ഷം


കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്തക്ഷാമം രൂക്ഷമാവുന്നു. ഒ- പോസിറ്റീവ്, എ- പോസിറ്റീവ് രക്തഗ്രൂപ്പുകളാണ് നിലവില്‍ ഇല്ലാത്തവ. രക്ത ദാനത്തിനെത്തുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. ഇതോടെ പലരുടെയും ശാസ്ത്രക്രിയകള്‍ അടക്കം വൈകുന്നത് പതിവാണ്. എ- പോസിറ്റീവ് ഗ്രൂപ്പ് അടിയന്തര ആവശ്യങ്ങള്‍ക്കുളളതുണ്ട്. എന്നാല്‍ ഒ- പോസിറ്റീവ് ഗ്രൂപ്പ് തീരെ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ഓരോ ഗ്രൂപ്പിന്റെയും 100 യൂണിറ്റ് രക്തമാണ് ആശുപത്രിയില്‍ സൂക്ഷിക്കാറുളളത്. കോവിഡ് കാലമായതോടെ രക്തദാതാക്കളുടെ എണ്ണവും കുറഞ്ഞു. എന്നാലും ശാസ്ത്രക്രിയകളും രക്തം ആവശ്യമുളള ചികിത്സകളും കുറവായതിനാല്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോവുകയായിരുന്നു. അതിനിടെ, കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ആളുകള്‍ വ്യാപകമായി പുറത്തിറങ്ങുകയും റോഡപകടങ്ങള്‍ വ്യാപകമാവുകയും ചെയ്തു. കൂടാതെ ആശുപത്രിയില്‍ മറ്റ് ചികിത്സകളും സാധാരണ പോലെ തുടങ്ങി. അതോടെ രക്തത്തിന് ആവശ്യക്കാരും ഏറി വരുകയാണ്.