മുചുകുന്നില്‍ നിന്ന് ഒരു ‘നാടന്‍ ത്രില്ലര്‍’; വൈറലായി ‘ചങ്ങല’യുടെ മോഷന്‍ പോസ്റ്റര്‍ (വീഡിയോ)


കൊയിലാണ്ടി: മുചുകുന്നിലെ കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കുന്ന ഷോര്‍ട്ട് ഫിലിമായ ‘ചങ്ങല’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്തുമസ് ദിനമായ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് കോക്കാമ്പൂച്ച ഫ്രെയിംസിന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്.

ഹൊറര്‍ പശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ‘ഒരു നാടന്‍ ത്രില്ലര്‍’ എന്ന ടാഗ് ലൈന്‍ കൂടി ഉള്ളതിനാല്‍ ചിത്രം ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും എന്നാണ് സൂചന.

മികച്ച ഗ്രാഫിക്‌സുകളോടെ എത്തിയ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്കില്‍ മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

ഷോര്‍ട്ട് ഫിലിമിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ചങ്ങല തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രം എന്നാണ് അണിയറക്കാര്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സസ്‌പെന്‍സ് ഇല്ലാതാക്കുന്നില്ലെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഉടന്‍ യൂട്യൂബില്‍ റിലീസ് ചെയ്യുമെന്നും അണിയറക്കാര്‍ പറഞ്ഞു.
മോഷന്‍ പോസ്റ്റര്‍ കാണാം:

മുചുകുന്ന് സ്വദേശിയായ ശ്രീപ്രസാദ് ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. കോക്കാമ്പൂച്ച ഫ്രെയിംസ് നിര്‍മ്മിക്കുന്ന ചിത്രം നാഗാ ക്രിയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നത്.

ഓടുന്നോന്‍, ബിഗ് സല്യൂട്ട്, സഖാവിന്റെ പ്രിയസഖി, അപ്പൂപ്പന്‍താടി എന്നീ ചിത്രങ്ങളുടെ എഡിറ്ററായിരുന്ന ഹരി ജി. നായര്‍ ആണ് ‘ചങ്ങല’യുടെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. നിതീഷ് സാരംഗി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ സബീഷ് V4U ആണ്.

രാഘവന്‍ മുചുകുന്ന്, ലിനീഷ് മുചുകുന്ന്, ജനാര്‍ദ്ദനന്‍ നന്തി, നന്ദകുമാര്‍ ചാലില്‍, പ്രശാന്ത് ചില്ല, രമീഷ് പി.കെ, നിമ്യ മീത്തല്‍, മകേശന്‍ നടേരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തേ മുചുകുന്നിലെ കലാകാരന്മാര്‍ ഒരുക്കിയ ‘ത്വര’ എന്ന ഷോര്‍ട്ട് ഫിലിം ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. വിവിധ ഭാഷകളില്‍ നിന്നുള്ള 140 ഷോര്‍ട്ട് ഫിലിമുകളോട് മത്സരിച്ച ‘ത്വര’യ്ക്ക് സെക്കന്റ് റണ്ണര്‍ അപ്പിനുള്ള പുരസ്‌കാരം ലഭിച്ചു. ‘ത്വര’യിലെ അഭിനയത്തിന് രാഘവന്‍ മുചുകുന്നിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. ‘ചങ്ങല’യുടെ അസോസിയേറ്റ് ഡയറക്ടറായ സബീഷ് V4U ആണ് ‘ത്വര’യുടെ സംവിധായകന്‍. ലോക്ക് ഡൗണ്‍ കാലത്ത് മുചുകുന്നിലെ കലാകാരന്മാരെ അണിനിരത്തി മകേശന്‍ നടേരി സംവിധാനം ചെയ്ത ‘വിശപ്പ്’ എന്ന ഷോര്‍ട്ട് ഫിലിമും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക