മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി. ബുക്‌സിന്റെ പുരസ്‌കാരം ശിവന്‍ എടമന ഏറ്റുവാങ്ങി


കോട്ടയം: മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്‌സിന്റെ പുരസ്‌കാരം ശിവന്‍ എടമന ഏറ്റുവാങ്ങി. മുചുകുന്ന് സ്വദേശിയായ ശിവന്‍ എടമനയുടെ ‘ന്യൂറോ ഏരിയ’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. കോട്ടയത്തെ ഡി.സി ബുക്‌സിന്റെ ആസ്ഥാനത്തെ ഓഡിറ്റോറിയത്തില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരി കെ.ആര്‍ മീരയാണ് ആണ് പുരസ്‌കാരം സമ്മാനിച്ചത്.

50,000 രൂപയും പ്രശസ്തിപത്രവും ഒരു വൃക്ഷത്തൈയുമാണ് സമ്മാനം. ലോകപ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റ് അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി ബുക്‌സ് നടത്തിയ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിലാണ് ശിവന്‍ എടമനയുടെ ‘ന്യൂറോ ഏരിയ’ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത്. നോവലിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

നോവലിനെ കുറിച്ച് ശിവന്‍ എടമന സംസാരിക്കുന്നു-വീഡിയോ കാണാം:

ഡോ. പി.കെ. രാജശേഖരന്‍, സി.വി ബാലകൃഷ്ണന്‍, ജി.ആര്‍ ഇന്ദുഗോപന്‍ എന്നിവരടങ്ങുന്ന സമിതിയാണ് നോവല്‍ മത്സരത്തിലെ വിജയിയെ തെരഞ്ഞെടുത്തത്. ദൃശ്യം, മെമ്മറീസ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫാണ് മത്സരത്തിലെ വിജയിയെ കഴിഞ്ഞ മാസം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്.

ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് (റിഹാന്‍ റാഷിദ്, കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ നോവലുകളും ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഈ നോവലുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു. കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ശിവന്‍ എടമന മലയാള മനോരമയുടെ ചില്‍ഡ്രന്‍സ് ഡിവിഷനില്‍ സീനിയര്‍ സബ് എഡിറ്ററാണ്.


Also Read: മുചുകുന്നിന് അഭിമാന നിമിഷം; മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്സിന്റെ പുരസ്‌കാരം ശിവന്‍ എടമനയ്ക്ക്


ഡി.സി കിഴക്കേമുറിയുടെ ജന്മദിനാഘോഷ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ജെ.സി.ബി സാഹിത്യ പുരസ്‌കാര ജേതാക്കളായ ബെന്യാമിനെയും എസ്. ഹരീഷിനെയും ചടങ്ങില്‍ അനുമോദിച്ചു. എഴുത്തുകാരായ മനോജ് കുറൂര്‍, അജയ് പി. മങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെ.ആര്‍ മീര ഡി.സി കിഴക്കേമുറി അനുസ്മരണ പ്രഭാഷണം നടത്തി. ഡീസീ ഫലിതങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

ഡി.സി ബുക്സിന്റെ എല്ലാ ശാഖകളിൽ നിന്നും ശിവൻ എടമനയുടെ ‘ന്യൂറോ ഏരിയ’ ലഭിക്കും. കൂടാതെ https://dcbookstore.com/books/neuro-area എന്ന ലിങ്കിലൂടെ ഡി.സി ബുക്സിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്നും പുസ്തകം വാങ്ങാവുന്നതാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക