മതസൗഹാര്‍ദം മരിച്ചിട്ടില്ലെന്ന് തെളിയിച്ച് പൊന്നാട്; ക്രിസ്ത്യന്‍ വനിതയ്ക്ക് മദ്രസയില്‍ അന്ത്യശുശ്രൂഷ നല്‍കി


കൊണ്ടോട്ടി: മതത്തിന്റെ പേരില്‍ കലാപങ്ങള്‍ നടക്കുമ്പോഴും മനുഷ്യ മനസ്സുകളില്‍ മതസൗഹാര്‍ദം അവസാനിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് പൊന്നാടുകാര്‍. 84കാരിയായ ക്രിസ്ത്യന്‍ വനിത ബ്രിഡ്ജറ്റ് റിച്ചാഡ്‌സിനാണ് മദ്രസയില്‍ അന്ത്യശുശ്രൂഷ നല്‍കിയാണ് ഇവര്‍ നാടിന് മാതൃകയായത്. വീട്ടില്‍ സൗകര്യമില്ലാത്തതിനെത്തുടര്‍ന്ന് ഇവരുടെ മൃതദേഹം ഒരു രാത്രി പൊന്നാട് തഹ്ലീമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ സൂക്ഷിക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് മഞ്ചേരിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലിയില്‍നിന്ന് വിരമിച്ച ശേഷം നാലുസെന്റില്‍ വീട് നിര്‍മിച്ച് 13 വര്‍ഷമായി പൊന്നാട്ടാണ് താമസം. അയല്‍വാസികളുടെ സൗഹൃദത്തിലായിരുന്ന ബ്രിഡ്ജറ്റ് റിച്ചാഡ്‌സിനെ നാട്ടുകാര്‍ അമ്മച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്. ഭര്‍ത്താവിന്റെ വിയോഗത്തോടെ ഒറ്റപ്പെട്ട ഇവര്‍ക്ക് കൂടെ ജോലിചെയ്തിരുന്ന ജാനകി മാത്രമാണ് കൂട്ടുണ്ടായിരുന്നത്.

കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ച ബ്രിഡ്ജറ്റ് റിച്ചാഡിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് വീട്ടിലെത്തിച്ചത്. ശനിയാഴ്ച ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നതുവരെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കണമായിരുന്നു. വീട്ടിനുള്ളിലേക്ക് ഫ്രീസര്‍ എത്തിക്കാന്‍ കഴിയാഞ്ഞതിനാല്‍ സമീപത്തെ മദ്രസയിലെ ക്ലാസ് മുറിയിലേക്ക് മാറ്റി. ഇതിന് മുന്‍പ് അയല്‍വാസികളായ മുസ്ലിം സ്ത്രീകളടക്കം എത്തി അമ്മച്ചിയെ അവസാനമായി കുളിപ്പിച്ചു. പൊന്നാട് മഹല്ല് ജുമഅത്ത് പള്ളിയില്‍നിന്ന് സ്ട്രച്ചര്‍ എത്തിച്ചാണ് കുളിപ്പിച്ചത്. ശനിയാഴ്ച രാവിലെ മൃതദേഹം സൂക്ഷിച്ച ക്ലാസ് മുറിയിലെ പഠനം ഒഴിവാക്കി.

കോഴിക്കോട്ടു നിന്നെത്തിയ പള്ളിവികാരിയാണ് വീടുകളില്‍ നടത്തേണ്ട അന്ത്യശുശ്രൂഷയ്ക്ക് നേതൃത്വംനല്‍കിയത്. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് മദ്രസയില്‍നിന്ന് കോഴിക്കോട് വെസ്റ്റ്ഹില്‍ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. ടി.വി. ഇബ്രാഹിം എം.എല്‍.എ. അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക