ഫുട്ബോളിന്റെ മെക്കയിൽ ഷറഫലി ഇറങ്ങുന്നു; നേട്ടം കൊതിച്ച് സിപിഎം


മലപ്പുറം: മുസ്ലീം ലീഗിന്റെ ഉരുക്കുകോട്ടയില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാൻ സിപിഎം തയ്യാറെടുക്കുന്നു. ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ സജീവമാകുമ്പോൾ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ താരം യു.ഷറഫലിയെ ഏറനാട്ടില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. അരീക്കോട് സ്വദേശിയാണ് ഷറഫലി.

കഴിഞ്ഞ ദിവസം മലപ്പുറത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു. സ്ഥിരം ജയിക്കുന്ന സീറ്റുകള്‍ക്ക് പുറമേ ചിലത് പിടിച്ചെടുക്കാന്‍ കൂടിയാണ് സിപിഎമ്മിന്റെ ശ്രമം. അതു പ്രകാരമാണ് കൂടുതൽ പൊതു സ്വതന്ത്രരെ രംഗത്തിറക്കാനുള്ള ശ്രമം തുടങ്ങിയത്.

നിലവില്‍ മലപ്പുറത്ത് നാല് സീറ്റാണ് എല്‍ഡിഎഫിന് ഉള്ളത്. ഇത് ഏഴാക്കി ഉയര്‍ത്തുകയാണ് സിപിഎം ശ്രമം. സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാവരും മത്സരിക്കാനാണ് എല്‍ഡിഎഫ് താല്‍പര്യപ്പെടുന്നത്. ഇതിന് പുറമേ പുതുമുഖങ്ങളെയും കൂടി മത്സരിപ്പിച്ച് നേട്ടമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തല്‍. മലപ്പുറത്ത് മുസ്ലീം ലീഗിനെ വീഴ്ത്തുക എന്നത് ഇത്തവണ പ്രഖ്യാപിത ലക്ഷ്യമായിട്ടാണ് സിപിഎം കാണുന്നത്. ലീഗിനെതിരെയുള്ള പ്രചാരണവും ശക്തമാക്കിയത് ഇതിന്റെ ഭാഗമാണ്. ലീഗിന് മലപ്പുറത്ത് ഉള്ള ആധിപത്യം തകര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം.

പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും തവനൂരില്‍ കെടി ജലീലും നിലമ്പൂരില്‍ പിവി അന്‍വറും തെന്നെ മത്സരിക്കും. അതേസമയം ഏറനാട്ടില്‍ ഷറഫലിയെ കളത്തിലിറക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വേറെയും ചില ലക്ഷ്യങ്ങളുണ്ട്. ഫുട്‌ബോളിന്റെ ഈറ്റില്ലമായിട്ടാണ് ഏറനാട് അറിയപ്പെടുന്നത്. ഇവിടെ ഫുട്‌ബോള്‍ താരം വരുന്നതിലൂടെയുള്ള നേട്ടമാണ് സിപിഎം മുന്നില്‍ കാണുന്നത്.

ഫുട്ബോള്‍ മൈതാനങ്ങളില്‍ ആവേശം വിതറിയ കേരള പോലീസിന്റെ മിന്നും താരമായിരുന്നു യു.ഷറഫലി. കേരള പോലീസില്‍ 36 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഷറഫലി മലപ്പുറം കോട്ടക്കല്‍ റാപ്പിഡ് റസ്‌പൊണ്ട് & റെസ്‌ക്യൂ ഫോഴ്സിന്റെ കമാന്റന്റ് ആയാണ് വിരമിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഫുട്ബാളില്‍ സജീവമായിരുന്നു ഷറഫലി.

കേരള പോലീസിന്റെ ഭാഗമായ ശേഷവും നീണ്ട 12 വര്‍ഷക്കാലം, ബൂട്ടണിഞ്ഞ് മൈതാനത്ത് സജീവമായിരുന്നു ഷറഫലി. കാല്‍പന്ത് മൈതാനങ്ങളിലെ ഈ മിന്നും താരം പിന്നീട് കേരള പോലീസ് ടീമിന്റെ മാനേജരും ചീഫ് കോച്ചുമൊക്കെയായി മികവ് തെളിയിച്ചിട്ടുണ്ട്. ഷറഫലി ഏറനാട്ടിൽ എൽഡിഎഫിനായി ഇറങ്ങിയാൽ കളിമാറുമെന്നാണ് മലപ്പുറത്തെ ഫുട്ബോൾ സ്വാധീനം അറിയുന്നവർ പറയുന്നത്.