പോലീസിനെ വെട്ടിച്ച കഞ്ചാവ് സംഘം റിസോര്‍ട്ടാണെന്ന് തെറ്റിദ്ധരിച്ച് ഓടിക്കയറിയത് പോലീസ് സ്‌റ്റേഷനിലേക്ക്


നെടുങ്കണ്ടം: പോലീസിനെ വെട്ടിച്ച് കഞ്ചാവുമായി കടന്നവര്‍ റിസോര്‍ട്ടാണെന്ന് തെറ്റിദ്ധരിച്ച് ഓടിക്കയറിയത് പോലീസ് സ്റ്റേഷനില്‍. പിടിയിലായവരില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 3 കിലോ കഞ്ചാവുമായി കടന്ന 4 പേരാണ് അറസ്റ്റിലായത്.അടിമാലി 200 ഏക്കര്‍ പുത്തന്‍പുരയ്ക്കല്‍ വിനീത് ( 20) ,എറണാകുളം കൊച്ചുമഠത്തില്‍ ആദര്‍ശ്( 18), ഇസ്ലാം നഗറില്‍ സബിര്‍ റഹ്മാന്‍ ( 22) പതിനേഴുകാരനുമാണ് പോലീസ് പിടിലായത്.

ഇന്നലെ ഉച്ചയോടെ കമ്പംമെട്ടില്‍ പോലീസ്, എക്‌സ്‌സൈസ് സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയിരുന്നു.ഇതിനിടെ പോലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ സംഘത്തിന്റെ ഇരുചക്രവാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വിനീതും 17 വയസുകാരനും വെപ്രാളത്തില്‍ ഓടിച്ചെന്നത് കമ്പംമെട്ട് പോലീസ് സ്‌റ്റേഷനിലേക്കാണ്. തുടര്‍ന്ന ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യംചെയ്തപ്പോഴാണ് പ്രതികളുടെ ഫോണിലേക്ക് മറ്റൊരാളുടെ വിളിയെത്തിയത്. വിശദമായ ചോദ്യംചെയ്യലില്‍ ഇവര്‍ക്കുമുന്നേ അതിര്‍ത്തി കടന്നവരാണ് ഫോണില്‍ വിളിച്ചതെന്ന് വ്യക്തമാവുകയായിരുന്നു.

കമ്പംമെട്ട് സി. ഐ ജി.സുനില്‍കുമാര്‍,എസ്. ഐ ചാക്കോ,സുലേഖ,മധു,ഹരിദാസ്, പോലീസ് ഉദ്യോഗസ്ഥരായ ജയേഷ്,ആര്‍. ബിനുനോന്‍, രാജേഷ്,ശ്രീജു, രാജേഷ് മേനോന്‍, ഷമീര്‍,റെക്‌സ് എക്‌സ്‌സൈസ് ഉദ്യോഗസ്ഥരായ സി.എര്‍ സതീഷ്, സിറിള്‍ ജോസഫ്, ഷോബിന്‍ മാത്യു,സെയില്‍ ടാക്‌സ് ഡ്രൈവര്‍ ജിജോ മാത്യു എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവു കടത്തു സംഘത്തെ കുടുക്കിയത്.