പേരാമ്പ്രയില്‍ യുഡിഎഫുകാര്‍ സ്‌റ്റേഷന്‍ ആക്രമിച്ചെന്ന് പോലീസ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു, വ്യാപക റെയ്ഡ്


പേരാമ്പ്ര: പേരാമ്പ്രയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടത്തിയെന്ന് പോലീസ്. തിരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ പോലീസ് വേണ്ട വിധം ഇടപെട്ടില്ല എന്ന് ആരോപിച്ച് തിങ്കഴാഴ്ച വൈകീട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതിന് ശേഷം പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് കയറി ആക്രമണം അഴിച്ചു വിട്ടെന്ന് പോലീസ് പറയുന്നു.

കസ്റ്റഡിയിലെടുത്ത യുഡിഎഫ് പ്രവര്‍ത്തകനെ കോണ്‍ഗ്രസ് നേതാവ് പികെ രാഗേഷിന്റെയും യുസി ഹനീഫയുടേയും നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോയെന്നും പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പുകളും കോവിഡ് മാനദണ്ഡം ലംഘിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകളും ചേര്‍ത്ത് പികെ രാഗേഷ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.

 

 

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതികളായ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കായി വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. എന്നാല്‍ പോലീസ് വാദങ്ങള്‍ നുണയാണ് എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ വിശദീകരിച്ചു.