പൂച്ചയെ കെട്ടുന്ന ചങ്ങല കഴുത്തിലിട്ട് കളിക്കുന്നതിനിടെ കാല്‍ വഴുതി വീണു; കാടാമ്പുഴയില്‍ പത്തുവയസുകാരന് ദാരുണാന്ത്യം


വളാഞ്ചേരി: വളര്‍ത്തു പൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തില്‍ കുടുങ്ങി പത്തുവയസ്സുകാരന്‍ മരിച്ചു. ഉമറുല്‍ ഫാറൂഖിന്റെയും ഖമറുന്നീസയുടെയും മകന്‍ അഫ്നാസാണ് മരിച്ചത്. കാടാമ്പുഴ കുട്ടാടുമ്മലാണ് സംഭവം.

വീടിന്റെ അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് രണ്ട് ഇഴകളായായിരുന്നു ചങ്ങലയുണ്ടായിരുന്നത്. ഇതില്‍ കഴുത്തിട്ട അഫ്നാസ് മുകളില്‍ കയറിനിന്ന് കളിക്കുകയായിരുന്നു. ഇതിനിടെ കാല്‍തെറ്റി വീഴുകയും കഴുത്തില്‍ ചങ്ങല കുടുങ്ങുകയുമായിരുന്നു. വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും കുട്ടിയുടെ ശബ്ദം പുറത്തുവരാതിരുന്നതിനാല്‍ ആരും ശ്രദ്ധിച്ചില്ല.

കുറച്ചു സമയത്തിനു ശേഷം ഉമ്മയാണ് കുട്ടി ചങ്ങലയില്‍ തൂങ്ങി നില്‍ക്കുന്നതു കണ്ടത്. ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചിരുന്നു.