പുതുവർഷാഘോഷങ്ങൾക്ക് പോലീസ് നിയന്ത്രണം


കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ പുതുവർഷാഘോഷങ്ങൾക്ക് പോലീസിന്റെ കടുത്ത നിയന്ത്രണം. ബീച്ച്, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ഫ്ളാറ്റുകൾ, അപ്പാർട്ട്മെൻറുകൾ എന്നിവിടങ്ങളിൽ കർശ്ശന നിരീക്ഷണവും പരിശോധനയും ഉണ്ടാവും. ആഘോഷങ്ങൾ നടക്കുന്ന സ്ഥാപനങ്ങളുടെ വിസ്തീർണ്ണം കണക്കാക്കിയെ ആളുകൾക്ക് പ്രവേശനാനുമതി നൽകുകയുള്ളൂ.

കോവിഡ് ചട്ടം പാലിച്ച് മാത്രമേ പൊതുജനങ്ങൾക്ക് ഇത്തരം ആഘോഷ ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്ന് സിറ്റി പോലീസ് മേധാവി എ.വി.ജോർജ് പറഞ്ഞു. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെ ബീച്ചിലോ പൊതുസ്ഥലങ്ങളിലോ പുതുവത്സരാഘോഷ പരിപാടികൾക്ക് കൊണ്ടു വന്നാൽ രക്ഷിതാക്കളുടെ പേരിൽ കോവിസ് മാനദണ്ഡങ്ങൾക്കനുസൃതമായി കേസെടുക്കും.

വ്യാഴാഴ്ച രാത്രി എട്ടിനു ശേഷം ബീച്ചിൽ പ്രവേശനം അനുവദിക്കില്ല. ഡിജെ പാർട്ടി പോലുള്ളവ നടത്തിയാൽ നിയമനടപടി ഉണ്ടാവും. എക്സൈസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയും ആഘോഷം അതിരുവിടാതിരിക്കാൻ കർശ്ശന നിരീക്ഷണവുമായി രംഗത്തുണ്ടാവും.

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ എന്നിവ രാത്രി 10 മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കരുത് എന്നാവശ്യപ്പെട്ട് ഇത്തരം സ്ഥാപനങ്ങൾക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക