പുതുവത്സരാഘോഷത്തിനിടെ പോലീസിനെ കയ്യേറ്റം ചെയ്തു; പ്രതികൾ റിമാൻഡിൽ


കൊയിലാണ്ടി: കീഴരിയൂരില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ പുതുവത്സരാഘോഷം തടയാനെത്തിയ പോലീസിനെ കയ്യറ്റേം ചെയ്ത നാല് യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ മീത്തലെ അച്ചാണ്ടിയില്‍ അനീഷ് (32), ബിനീഷ് (38), നടുക്കണ്ടി മിഥുന്‍ (22), പുതിയോട്ടില്‍ രതീഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഇവരെ കീഴരിയൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്.

റോഡില്‍ നിന്ന് ബഹളമുണ്ടാക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തിയത്. യുവാക്കളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് കയ്യേറ്റ ശ്രമമുണ്ടായതെന്ന് കൊയിലാണ്ടി അഡി. എസ്.ഐ എം.എ പ്രസാദ് പറഞ്ഞു. സംഭവത്തില്‍ എസ്. ഐ പ്രസാദിന് മുഖത്ത് പരിക്കേറ്റു. പ്രതികളെ വെളളിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസിന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കൽ (353), ഡ്യൂട്ടിക്കിടെ പോലീസിനെ അടിച്ച് പരിക്കേല്പിക്കൽ (332), കോവിഡ് മാനദണ്ഡം ലഘിച് കൂട്ടംചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് എടുത്തത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക