പുതിയ കോവിഡ് കേരളത്തിലെത്തി, ആറുപേര്‍ക്ക് സ്ഥിരീകരണം


തിരുവനന്തപുരം: ബ്രിട്ടനിൽ നിന്നും കേരളത്തിൽ എത്തിയ ആറുപേരിൽ ജനിതക വ്യതിയാനം സംഭവിച്ച കോറോണ വൈറസ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയ അടിയന്തര വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുതിയ കോവിഡ് സ്ഥിരീകരിച്ചത്.

ഇവരുമായി സമ്പര്‍ക്കത്തിലുളളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. വൈറസ് സ്ഥിരീകരിച്ച ജില്ലകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.

തീവ്ര പരിചരണ ശേഷിയുളളതാണ് പുതിയ കോവിഡ് വൈറസ്. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയവര്‍ കൃത്യമായി വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. അതേസമയം വിമാനത്താവളങ്ങളിലും മറ്റും സുരക്ഷ ശക്തമാക്കും.നിലവിലെ കോവിഡ് വൈറസിനേക്കാളും 70 ശതമാനം വ്യാപനശേഷി കൂടുതലാണ് പുതിയ വൈറസിനെന്ന് കബ്രിട്ടീഷ് ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയിരുന്നു.