പീഡനക്കേസില്‍ ഒളിവില്‍പോയ പ്രതിയെ ആറുവര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി


മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് കരിമ്പില്‍ കോളനിയിലെ മാനസിക രോഗിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആറുവര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. പാലക്കാട് ചാലിശേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന തോട്ടക്കാട് എളംകുറ്റിപ്പറമ്പ് തങ്കനെ (ശിവന്‍, 51)യാണ് മുക്കം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മുക്കത്തേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ്യശൂന്യമായ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീയെ ആശാവര്‍ക്കര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായതായി മനസ്സിലായത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി ശിവനാണെന്ന് കണ്ടെത്തിയത്. അന്വേഷണം ശക്തമായതോടെ ഇയാള്‍ ഒളിവില്‍ പോയി.

ആറുവര്‍ഷമായി പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായി ഒളിവില്‍ കഴിയുകയായിരുന്നു. റൂറല്‍ ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി ഡിവൈഎസ്പി ഇ പി പൃഥ്യിരാജ്, മുക്കം എസ് എച്ച് ഒ എസ് നിസാം, എഎസ്‌ഐ സാജു, നാസര്‍, സിപിഓമാരായ ഷെഫീഖ് നീലിയാനിക്കല്‍, അനീഷ്, ബിജു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക