നിര്‍ണായക പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ജില്ല, ബ്ലോക്ക് പഞ്ചായത്ത് സംവിധാനങ്ങള്‍ നിര്‍ത്തലാക്കും


ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ്, ഭരണ സംവിധാനങ്ങളില്‍ നിര്‍ണായക പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യമാകെ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കുന്നതിനൊപ്പം ഭരണ സംവിധാനങ്ങളിലും സമൂലമായ മാറ്റത്തിനാണ് കേന്ദ്രം ഒരുങ്ങുന്നത്.

രാജ്യത്തെ ഭരണ സംവിധാനത്തെ ലോക്സഭ, നിയമസഭ, ഗ്രാമസഭ എന്നീ ത്രിതല ഭരണ സംവിധാനങ്ങളായി വിഭജിക്കുന്നതിനാണ് പദ്ധതി തയ്യാറാകുന്നത്. ഇതുപ്രകാരം ജില്ല, ബ്ലോക്ക് പഞ്ചായത്ത് സംവിധാനങ്ങള്‍ നിര്‍ത്തലാക്കും. പകരം അധികാരങ്ങള്‍ ലോക്സഭാംഗം (എം.പി), നിയമസഭാംഗം (എം.എല്‍.എ), ഗ്രാമപഞ്ചായത്തംഗം എന്നീ ക്രമത്തിലേയ്ക്ക് പുന:സംഘടിപ്പിക്കും.

തദ്ദേശ ഭരണ സംവിധാനങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ അധികാരങ്ങള്‍ വിപുലീകരിക്കുന്ന വിധമായിരിക്കും പുന:ക്രമീകരണം. പഞ്ചായത്ത് പ്രസിഡന്റിനെ അതാത് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നേരിട്ട് വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതായിരിക്കും പുതിയ തെരഞ്ഞെടുപ്പ് രീതി. ലോക്സഭയും നിയമസഭയും കഴിഞ്ഞു വരുന്ന അധികാരങ്ങളെല്ലാം ഗ്രാമ പഞ്ചായത്തുകളില്‍ കേന്ദ്രീകരിക്കും.

നിലവില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ വിര്‍വ്വഹിക്കുന്ന പദ്ധതികളില്‍ ഭൂരിഭാഗവും അതാത് ഗ്രാമ പഞ്ചായത്തുകളിലേയ്ക്ക് കേന്ദ്രീകരിക്കും. എം.എല്‍.എ കഴിഞ്ഞാല്‍ തൊട്ടുതാഴെയുള്ള ജനപ്രതിനിധിയായി ഗ്രാമപഞ്ചായത്തംഗം മാറും.

നിലവിലെ സംവിധാനത്തിനു കീഴില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ അനിവാര്യമല്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഗ്രാമ പഞ്ചായത്തുകളിലേതിനേക്കാള്‍ ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയാണ് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ ഇപ്പോള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ അധിക ചിലവും ഇതിന്റെ പേരില്‍ നടക്കുന്ന ധൂര്‍ത്തും ഒഴിവാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.

രാജ്യമാകെ ഒറ്റ തെരഞ്ഞെടുപ്പെന്ന നടപടിക്കൊപ്പമാകും ത്രിതല ഭരണ സംവിധാനവും നിലവില്‍ വരിക. 2024 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേയ്ക്കും പഞ്ചായത്തിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പ് നടത്താനായിരിക്കും തീരുമാനം. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം 3 പേര്‍ക്ക് വോട്ടു ചെയ്തതുപോലെ പുതിയ തെരഞ്ഞെടുപ്പിലും 3 പേര്‍ക്കായിരിക്കും വോട്ട് ചെയ്യേണ്ടി വരിക. ഒറ്റ തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ എം.പിയേയും എം.എല്‍.എ. യേയും ഗ്രാമ പഞ്ചായത്തംഗത്തേയും ജനത്തിന് തെരഞ്ഞെടുക്കാന്‍ കഴിയും.

ഇതുപ്രകാരം കേരളത്തില്‍ ഇപ്പോള്‍ അധികാരം ഏറ്റെടുക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാലാവധി 2024 വരെയായിരിക്കും. ഒരു വര്‍ഷം നഷ്ടമാകും.

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിയമസഭകള്‍ക്ക് 2024 വരെയേ കാലാവധി ഉണ്ടാകാനിടയുള്ളു. 2024 -ല്‍ ഏകീകൃത തെരഞ്ഞെടുപ്പിന്റെ ഭാഗമായി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഇതോടെ 2024 മുതല്‍ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ കൃത്യമായ ത്രിതല ഭരണ സംവിധാനത്തിന് കീഴിലായി മാറും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക