നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും


തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുമെന്ന് സൂചന നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഏപ്രിൽ 30 നുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നടപടികൾ ആരംഭിച്ചു. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15 ന് ശേഷം ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സൂചിപ്പിച്ചു. പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതൽ പെരുമാറ്റ ചട്ടം നിലവിൽ വരും. അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അതിന് ശേഷവും തെരഞ്ഞെടുപ്പിന് മുമ്പ് പേരു ചേർക്കാൻ അവസരം നൽകും.

അസമും ബംഗാളും സന്ദർശിച്ച ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ കേരളത്തിലെത്തും. രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമ്മീഷൻ ആരായുമെന്നും ടിക്കാറാം മീണ പറഞ്ഞു.