നിയന്ത്രിത ഉപയോഗത്തിനുളള അനുമതിയുമായി കൊവാക്‌സിന്‍


ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കൊവീഷീൽഡ് കൊവിഡ് വാക്സിന് പിന്നാലെ തദ്ദേശീയ വാക്സിനായ കൊവാക്സിനും അനുമതി നൽകും. ഇത് സംബന്ധിച്ച് വിദഗ്ദ്ധ സമിതി ഡി.സി.ജി.ഐയ്ക്ക് ശുപാര്‍ശ നല്‍കി.

ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി സഹകരിച്ച് തദ്ദേശീയമായി നിര്‍മ്മിക്കുന്നതാണ് കൊവാക്‌സിന്‍. ഇന്നലെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ രേഖകൾ സമ‌ർപ്പിക്കാൻ വിദഗദ്ധ സമിതി ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിരുന്നു. രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകിയത്. വാക്‌സിനുകൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ അന്തിമ അനുമതി നൽകുന്നതോടെ ഈ മാസം തന്നെ കുത്തിവയ്പ്പ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഷീൽഡ് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതും നിർമ്മിക്കുന്നതും പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഡിസംബർ ആറിനാണ് ഇൻസ്റ്റിറ്റ്യൂട്ട് അനുമതിക്കായി അപേക്ഷിച്ചത്. കൊവിഷീൽഡ് സുരക്ഷിതമാണെന്നും മികച്ച പ്രതിരോധ ശേഷിയുണ്ടാക്കുമെന്നും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി യോഗം വിലയിരുത്തി. അടിയന്തര അനുമതിക്ക് അപേക്ഷിച്ച ഫൈസർ ഇന്ത്യ ഡേറ്റ അവതരണത്തിന് കൂടുതൽ സമയം തേടി.