നാടിന്റെ വികസനത്തിനായി അവസാന ശ്വാസവും കാത്ത് തിരുവങ്ങൂരെ ചേമഞ്ചേരി പഞ്ചായത്ത് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം; പുതിയ തലമുറ അറിയണം, ഈ അക്ഷര കേന്ദ്രത്തിന്റെ ആവേശകരമായ ചരിത്രം


കൊയിലാണ്ടി: “തന്റെ അവസാനം ഇങ്ങെത്താറായി, ആരോരുമില്ലാത്ത അനാഥജീവിതമായി തന്നെ അവസാനിക്കേണ്ടി വരും എന്നുമറിയാം എങ്കിലും വെറുതെയെന്ന പോലെ പ്രതീക്ഷ നാളങ്ങൾ എവിടെയെങ്കിലും കാണുമോയെന്നറിയാനായി ഇടയ്ക്കിടെ കാല ചക്രം പിന്നോട്ടുരുട്ടും…. പുതുതായി ഓർമ്മിക്കാനായി തന്റെ ജീവിതത്തിൽ അടുത്ത കാലത്തെങ്ങും ഒന്നും നടന്നിട്ടില്ലെങ്കിലും വർഷങ്ങൾ ഏറെ മുൻപ് ഒരു സുവർണ്ണ കാലഘട്ടം തനിക്കുമുണ്ടായിരുന്നു.” പഴയകാല ഓർമ്മകളിലേക്കൂളിയിടുന്നത് ചേമഞ്ചേരി പഞ്ചായത്തിലെ ലൈബ്രറി ആൻഡ് റീഡിങ് റൂമാണ്.
ഒരുകാലത്ത് ആളൊഴിയാ ഇടമായി, അക്ഷര കേന്ദ്രമായി തല ഉയർത്തിപിടിച്ചിരുന്നൊരു വായനശാല….

എന്നാൽ ഇപ്പോൾ സ്ഥിതി അങ്ങനെയല്ല, വികസനത്തിന്റെ കരാള ഹസ്തങ്ങൾ ഏതു നിമിഷവും വായനശാലയെ തേടിയെത്താം. നിലംപൊത്തുന്നതിനു മുൻപ് കേൾക്കാം ഒരു ഗ്രാമത്തിന്റെ ജീവനനയിരുന്ന ഒരു തലമുറയുടെ വിജ്ഞാന ദാഹത്തിന് അമൃതം പകർന്ന ഇടത്തെ പറ്റി. തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു മുൻവശമാണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്.

ചേമഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻ്റായിരുന്ന പൊന്നാടത്ത് ഗോവിന്ദൻ മാസ്റ്റർ മുൻകയ്യെടുത്താണ് വായനശാല നിർമിച്ചത്. അദ്ദേഹത്തിൻറെ വലിയൊരു സ്വപ്നമായിരുന്നു അത്. സ്വാമി ഗുരുവരാനന്ദ കെട്ടിടത്തിനായുള്ള സ്ഥലം സൗജന്യമായി നൽകി വായനശാലക്കുള്ള പ്രോത്സാഹനമേകി.

വൈകുന്നേരങ്ങളിൽ പത്രപാരായണം ആയിരുന്നു ആദ്യം, വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ വായനശാലയിലേക്ക് എത്താൻ തുടങ്ങിയതായി അനുഭവസ്ഥർ പറഞ്ഞു.

പതിയെ പതിയെ വായനയുടെ മാത്രമല്ല സാഹിത്യ, സാംസ്‌കാരിക, കലാ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി ഇവിടം മാറാൻ തുടങ്ങി.

തൊഴിലന്വേഷകർക്ക് സഹായിയായ കേരള ഗസറ്റ് വരുന്ന പഞ്ചായത്തിലെ ഏക സ്ഥലവും ഇതായിരുന്നു. അതിനുള്ള ആവശ്യക്കാരും ഏറെയായിരുന്നു.

ഇന്ന് എന്തിനുമേതിനും ഗൂഗിളിൽ തേടുന്നതിന് അന്നത്തെ മാർഗ്ഗങ്ങളിലൊന്നായിരുന്നു വായനശാല എന്ന് പറയാം. അറിവുള്ളവരോട് ചോദിക്കാനും, പുസ്തകങ്ങളിൽ തിരയാനും, ആശയങ്ങൾ അവതരിപ്പിക്കാനുമെല്ലാമാവുന്ന ഒരിടം. നിരവധി പത്രങ്ങളും വാരികകളും പഞ്ചായത്ത്‌ വാങ്ങിയിടാറുണ്ടായിരുന്നു. വായനക്കാരും അനവധി. ചോയ്യേക്കാട്ട് പദ്മനാഭൻ നായർ എന്ന ബാലൻനായരായിരുന്ന ലൈബ്രെറിയൻ.

ആ ഇടയ്ക്കാണ് ലോക്കൽ ലൈബ്രറി അതോറിറ്റി ഗ്രാമീണ വായനശാലകൾക്കായി സഞ്ചരിക്കുന്ന പുസ്‌തകവണ്ടി സംവിധാനം ഒരുക്കുന്നത്. ചേമഞ്ചേരി പഞ്ചായത്തും ആ പദ്ധതി നടപ്പാക്കി. ഗ്രന്ഥശാലകളോ, ഗ്രന്ഥശാല പ്രസ്ഥാനമോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വായനക്കാർക്ക് ഇതൊരു കൗതുകമായിരുന്നു. പിന്നീടത് അവശേമായി മാറി. മാസത്തിലൊരിക്കലാണ് വായനക്കാരെ തേടി പുസ്തകവണ്ടി എത്തുക. വായനക്കാർ തന്നെ വണ്ടിയിൽ നിന്നും പുസ്തകങ്ങൾ തിരഞ്ഞെടുക്കും. ഇവിടുത്തെ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ വണ്ടിയിലേക്ക് കയറ്റി കൊടുക്കും. ‘ഒരു ദിവസം ഒരു പുസ്തകം വായിച്ച് തീർക്കുമായിരുന്നത് വായന ഗൗരവമേറിയതോടെ ദിവസങ്ങൾ വേണ്ടി വന്നു ഓരോ പുസ്തകവും വായിച്ചു തീർക്കാൻ. ആകെ ഒരു പുത്തനുണർവ് കൈവന്ന കാലമായിരുന്നു അത്. വായനയുടെ വസന്ത കാലം’. വായനശാലയിലെ പതിവ് വായനക്കാരിലൊരാൾ ഓർത്തെടുക്കുന്നു. അങ്ങനെ കൊടുക്കൽ വാങ്ങലുകളിലൂടെ അവർ വിജ്ഞാനം പങ്കിട്ടു. എന്നാൽ ലോക്കൽ ലൈബ്രറി അതോറിറ്റി നിലച്ചതോടെ ഇതിനും അന്ത്യമായി.

എന്നാൽ കാലം മാറുന്നതിനനുസരിച്ച് ആളുകളും മാറി, ക്രമേണെ വായനക്കാർ കുറയുന്ന അവസ്ഥയായി. ലൈബ്രേറിയൻ ബാലൻ നായർ വയറിംഗ്‌ പണിക്ക് പോയി പിന്നീട് പൂക്കാട്ടുനിന്നും ഒരു ബാലകൃഷ്ണനും അതിനു ശേഷം പോസ്റ്റുമാൻ അശോകനും ലൈബ്രേറിയൻമാരായി വന്നു.

എന്നാൽ കാലത്തിനൊത്തുള്ള മാറ്റങ്ങളോ നവീകരണങ്ങളോ ലൈബ്രറിയിൽ ഉണ്ടായില്ല, പതിയെ പതിയെ ആളില്ല നിലയമായി വായനശാല മാറി. അങ്ങനെ ഒടുവിൽ ദേശീയപാതക്ക് വേണ്ടി സ്ഥലമെടുത്തപ്പോൾ ഒരു കാലത്ത് ഒരു നാടിൻറെ ഐക്യതക്ക്, അറിവിന്, പരസ്പര സഹായങ്ങൾക്ക്, പങ്കിടലുകൾക്ക് എല്ലാം വഴി കാട്ടിയായി സാക്ഷിയായിരുന്ന വിജ്ഞാന ശാല എന്നന്നേക്കുമായി വഴി മാറേണ്ട അവസ്‌ഥതയിലാണ്.

[vote]