നവജാതശിശുക്കള്‍ക്കായി ജില്ലയില്‍ മുലപ്പാല്‍ ബാങ്ക് വരുന്നു


കോഴിക്കോട്: നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ ഉറപ്പാക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇനി മുലപ്പാല്‍ ബാങ്കും. പ്രസവസമയത്ത് മുലപ്പാല്‍ കുറവുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കായാണിത്. ഇതിനോടൊപ്പം നവജാതശിശുക്കളുടെ കൂടെ അമ്മമാരെയും കിടത്താനുള്ള മെറ്റേണല്‍ ന്യൂബോണ്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും സജ്ജമാകും. ഇരു പദ്ധതികള്‍ക്കും ദേശീയ ആരോഗ്യദൗത്യം അംഗീകാരം ലഭിച്ചു. നിര്‍മാണം ഉടന്‍ ആരംഭിക്കും. രണ്ടുമാസത്തിനുള്ളില്‍ത്തന്നെ മുലപ്പാല്‍ ബാങ്ക് യാഥാര്‍ഥ്യമാക്കാനാകുമെന്ന് എന്‍.എച്ച്.എം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. നവീന്‍ പറഞ്ഞു.

ഗവ. മെഡിക്കല്‍ കോളേജിലെ ഐ.എം.സി.എച്ചില്‍ ന്യൂബോണ്‍ വിഭാഗത്തോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ് മുലപ്പാല്‍ ബാങ്ക് ഒരുക്കുക. ഇതിനായി 38 ലക്ഷവും ന്യൂബോണ്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിനായി 77 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. കൂടാതെ, ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെ എന്‍.എച്ച്.എമ്മിന്റെ നിയോ ക്രാഡില്‍ പദ്ധതി വഴി എല്ലാ ആശുപത്രികളിലെയും എന്‍.ഐ.സി.യു.വിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

മുലപ്പാല്‍ ബാങ്ക് പദ്ധതി ഇങ്ങനെ

നവജാതശിശുക്കള്‍ക്ക് നല്‍കിയശേഷം വരുന്ന മുലപ്പാല്‍ അമ്മമാര്‍ ബാങ്കിലേക്ക് നല്‍കാന്‍ തയ്യാറാകണം. ഈ മുലപ്പാല്‍ ശേഖരിക്കാനും സൂക്ഷിക്കാനുമായി പ്രത്യേക മുറി, ഫ്രിഡ്ജ്, ഡീപ്പ് ഫ്രീസര്‍ തുടങ്ങിയവ ഒരുക്കും. ശേഖരിക്കുന്ന മുലപ്പാല്‍ അണുവിമുക്തമാണോ എന്നു ഉറപ്പുവരുത്താന്‍ കള്‍ച്ചര്‍ പരിശോധന നടത്തും. പ്രസവശേഷം അമ്മമാര്‍ക്ക് പാല്‍ ഇല്ലാതാവല്‍, പാല്‍ വലിച്ചുകുടിക്കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍, വിഷാദരോഗവും മറ്റു കാരണങ്ങളാലും മുലയൂട്ടാനാവാത്ത സ്ത്രീകള്‍ എന്നിവര്‍ക്ക് ഈ പദ്ധതി സഹായകരമാകും.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക