ധർമ്മജനെതിരെ സച്ചിൻ വന്നേക്കും ബാലുശ്ശേരിയിൽ തീപാറും പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു


ബാലുശ്ശേരി: ബാലുശ്ശേരി നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് സിനിമാ താരം ധർമ്മജൻ ബോൽഗാട്ടിയെ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുമ്പോൾ സിപിഎം ഉം ഒരു പുതുമുഖത്തെ ഇറക്കാനുള്ള ഒരുക്കത്തിലാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കാൻ സിപിഎം ജില്ല നേതൃത്വം ആലോചിക്കുന്നതായാണ് സൂചന.

സിപിഎം ന്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന ബാലുശ്ശേരിയിൽ നിലവിലെ എംഎൽഎ പുരുഷൻ കടലുണ്ടി രണ്ട് ടേം പൂർത്തിയാക്കിയതിനാൽ ഇനിയൊരു അവസരം കൊടുക്കാൻ സാധ്യതയില്ല. ഉറച്ച സീറ്റുകളിൽ യുവാക്കൾക്കും, പുതുമുഖങ്ങൾക്കും പരിഗണന നൽകണം എന്നാണ് പാർട്ടി തീരുമാനിച്ചത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകിയത് ഗുണം ചെയ്തു എന്നാണ് സിപിഎം വിലയിരുത്തിയത്.

ബാലുശ്ശേരിയിലേക്ക് പരിഗണിക്കുന്ന സച്ചിൻ ദേവ് കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. എസ്എഫ്ഐ കോഴിക്കോട് ജില്ല സെക്രട്ടറി, പ്രസിഡണ്ട് പദവികൾ വഹിച്ചിട്ടുണ്ട്. 2018ൽ കൊല്ലത്ത് വച്ച് നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ മീഞ്ചന്ത ഗവ.ആർട്സ് കോളേജ് യൂണിയൻ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. 27 വയസ്സുള്ള സച്ചിൻ കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടിയിട്ടുണ്ട്.

ചലചിത്രതാരമായ ധർമ്മജൻ ബാലുശ്ശേരി മത്സരിക്കും എന്ന വാർത്ത വന്നതോടെ മണ്ഡലം ഇതോടകം മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂടി മത്സര രംഗത്തേക്ക് വരുന്നതോടെ ബാലുശ്ശേരിയിൽ ഇത്തവണ പോരാട്ടം കനക്കും.