തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. സാമൂഹ്യ അകലം പാലിച്ചാണ് വോട്ടർമാർ ക്യൂ നിൽക്കുന്നത്.

ആലപ്പുഴ ജില്ലയിൽ അഞ്ചിടത്ത് വോട്ടിംഗ് മെഷീൻ തകരാറിലായി. തിരുവനന്തപുരം പേട്ടയിലെ മൂന്നു ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാറ് സംഭവിച്ചു. കൊല്ലം തഴവ കുതിരപ്പന്തി എൽ പി എസ് ബൂത്ത് നമ്പർ ഒന്നിലും വോട്ടിംഗ് മെഷീൻ തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു.

മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ, എംപിമാരായ സുരേഷ് ഗോപി, എൻ കെ പ്രേമചന്ദ്രൻ എന്നിവർ വോട്ട് ചെയ്തു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 24,584 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.