തണല്‍മരം മുറിക്കുന്നതിനിടയില്‍ പൊട്ടിവീണ് വൈദ്യുതിക്കാലുകള്‍ക്ക് നാശം


കടലുണ്ടി: വട്ടപറമ്പില്‍ റോഡ് വികസനത്തിന് തണല്‍മരം മുറിക്കുന്നതിനിടെ ലൈനിലേക്ക് തടികഷണം വീണ് മൂന്ന് വൈദ്യുതകാലുകള്‍ പൊട്ടി. ഇന്നലെ വൈകിട്ട് 3.30 നാണ് സംഭവം. ഇതേതുടര്‍ന്ന് മേഖലയിലെ വൈദ്യുതിവിതരണം നിലച്ചു. പൊട്ടിയ പോസ്റ്റ് കുറുകെ വീണ് വടക്കോടിത്തറ ഐഎച്ച്ഡിപി കോളനി റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു. കടലുണ്ടി- ചാലിയം റോഡ് വികസനത്തിന്റെ ഭാഗമായാണ് പാതയോരത്തെ മരങ്ങള്‍ മുറിക്കുന്നത്.

മുറിച്ചത്തടി കയറില്‍കെട്ടിത്തൂക്കി ഇറക്കുന്നതിനിടയിലാണ് ലൈനില്‍ പതിച്ചത്. കെഎസ്ഇബി ജീവനക്കാര്‍ താത്കാലിക സംവിധാനം ഒരുക്കി, രാത്രിയോടെ വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു. മുറിഞ്ഞ വൈദ്യുതിതൂണുകള്‍ ഇന്ന് മാറ്റിസ്ഥാപിക്കുമെന്ന് കെഎസ്ഇബി സെക്ഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.