ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷന്‍; നിലനിര്‍ത്താന്‍ യുഡിഎഫ്, പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ്, മത്സരം ശക്തം


പയ്യോളി: കഴിഞ്ഞ തവണ യുഡിഎഫ് 4442 വോട്ടിന് വിജയിച്ച ഡിവിഷനാണ് പയ്യോളി അങ്ങാടി. എല്‍ജെഡിയിലെ എംപി അജിതയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇത്തവണയും സമാനമായ വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എല്‍ജെഡിയുടെ വരവ് വിജയവും കൊണ്ടുവരുമെന്നാണ് ഇടത് പ്രതീക്ഷ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തര്‍ക്കങ്ങള്‍ നിലനിന്നെങ്കിലും അവസാന നിമിഷം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിലിനാണ് യുഡിഎഫില്‍ നറുക്ക് വീണത്‌.

ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ എൽഡിഎഫ് സ്ഥാനാർഥി. ഇരുവരുടെയും കന്നി അങ്കമാണ്. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.രജീഷ് ആണ് എൻഡിഎ സ്ഥാനാർഥി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ തിരുവള്ളൂർ, വെള്ളൂക്കര ഡിവിഷനുകളും പേരാമ്പ്ര ബ്ലോക്കിലെ ചെറുവണ്ണൂർ ഡിവിഷനും പന്തലായനി ബ്ലോക്കിലെ കടലൂർ ഡിവിഷനും തിക്കോടി, തുറയൂർ പഞ്ചായത്തുകൾ മുഴുവനായും, വിളയാട്ടൂർ ഡിവിഷനിൽ വരുന്ന മേപ്പയൂർ പഞ്ചായത്തിലെ 2 വാർഡുകളും അടക്കം 58 പഞ്ചായത്ത് വാര്‍ഡുകള്‍ പയ്യോളി അങ്ങാടി ഡിവിഷന് കീഴില്‍ വരുന്നു