ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഎം


കൊയിലാണ്ടി: ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി സിപിഐഎം ഗൃഹസന്ദർശനം തുടരുന്നു. ഓരോ വീട്ടിലെയും പ്രശ്നങ്ങൾ മനസ്സിലാക്കാനും ആവശ്യമായ ഇടപെടൽ നടത്താനും ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ശ്രമിക്കും. വലിയ സ്വീകാര്യതയാണ് വീടുകളിൽ നിന്ന് ലഭിക്കുന്നതെന്ന് സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.വിശ്വൻ മാസ്റ്റർ പറഞ്ഞു. ചെങ്ങോട്ട്കാവ് കൊണ്ടംവള്ളി ഭാഗത്ത് ഗൃഹ സന്ദർശനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയുടെയും, സർക്കാരിന്റെയും, തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ആരാഞ്ഞാണ് നേതാക്കളും പ്രവർത്തകരും ഓരോ വീട്ടിലും എത്തി ജനങ്ങളുമായി സംവദിക്കുന്നത്. ദേശീയ-സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ മുതൽ പ്രാദേശിക വികസന പ്രശ്നങ്ങൾ വരെ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തെന്ന് വെങ്ങളം ഈസ്റ്റ് ബ്രാഞ്ചിൽ ഗൃഹസന്ദർശനത്തിൽ പങ്കെടുത്തു കൊണ്ട് സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു.

ബ്രാഞ്ച് പ്രവർത്തകർ മുതൽ സംസ്ഥാന നേതാക്കൾ വരെയും, ജനപ്രതിനിധികളും ഗൃഹസന്ദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ലോകസഭാ തോൽവിക്കു ശേഷം പാർട്ടി നടത്തിയ ഭവന സന്ദർശനം ഗുണം ചെയ്തു എന്നാണ് വിലയിരുത്തൽ. അതിന്റെ ചുവടുപിടിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടു വരെയുള്ള ജനസമ്പർക്കത്തിന് പാർട്ടി സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. ഈ മാസം 31 വരെയാണ് ഗൃഹസന്ദർശനം തീരുമാനിച്ചത്.